തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്തിയത് ആത്മഹത്യ ഭീഷണി മുഴക്കിയതിന്റെ ദേഷ്യത്തിലെന്ന് അമ്പൂരി കൊലക്കേസ് പ്രതി അഖില്‍. രാഖി വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. കല്യാണം കഴിക്കണമെന്ന് രാഖി വാശിപിടിച്ചിരുന്നുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു.
രാഖിയെ കൊലപ്പെടുത്തിയ ശേഷം കശ്മീരിലേക്ക് പോയെന്നും അഖില്‍ മൊഴി നല്‍കി. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നും കുഴിയെടുക്കാന്‍ സഹായിച്ചുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. അഖിലിന്റെ അച്ഛനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് രാഖിയുടെ കുടുംബവും അയല്‍വാസികളും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും േേഅന്വഷണം നടത്തും.
തെളിവ് നശിപ്പിക്കാനായി രാഖിയുടെ വസ്ത്രങ്ങളും ബാഗുകളും പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്നും അഖില്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം അഖില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. കാറില്‍വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ചു കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയതായും അഖില്‍ പൊലീസിനോടു പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെയും പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയിലെ ഒളിയിടത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയ ശേഷം രാഖിയുമായി തര്‍ക്കം ഉണ്ടായി എന്ന് അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുതരണമെന്ന് രാഖിയോട് ആവശ്യപ്പെട്ടു. എന്നാല്‍, രാഖി സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് തര്‍ക്കമായി. പിന്നീടാണ് കൊലപാതകത്തിലേക്ക് നീങ്ങുന്നതെന്നും അഖില്‍ പറഞ്ഞു. കഴുത്ത് ഞെരിച്ച് രാഖിയെ കൊലപ്പെടുത്തുകയായിരുന്നു എന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലയ്ക്ക് ശേഷം ആദ്യം ഡല്‍ഹിയിലേക്ക് പോയി. പിന്നീട് കാശ്മീരിലേക്ക് കടന്നു എന്നും അഖില്‍ പറഞ്ഞു. മൃതദേഹം മറവു ചെയ്യാന്‍ അച്ഛന്‍ സഹായിച്ചു എന്ന് അഖില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇക്കാര്യം കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമേ പറയാന്‍ സാധിക്കൂ എന്ന് പൂവാര്‍ സിഐ പറഞ്ഞു.
തനിക്കൊപ്പം ജീവിക്കണമെന്ന് രാഖി അഖിലിനോട് ആവർത്തിച്ച് അപേക്ഷിച്ചു. അഖിൽ മറ്റൊരു വിവാഹം കഴിക്കുന്നത് രാഖിക്ക് അംഗീകരിക്കാൻ സാധിച്ചില്ല. എന്നാൽ, തന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുതരണമെന്ന് അഖിൽ രാഖിയോട് ആവശ്യപ്പെട്ടു. രാഖി ഇതിന് സമ്മതിച്ചില്ല. തനിക്കൊപ്പം ജീവിതം തുടരണമെന്നും അല്ലാത്ത പക്ഷം പൊലീസിനെ സമീപിക്കുമെന്നും രാഖി പറഞ്ഞു. ഇതോടെ തർക്കം രൂക്ഷമായി. പിന്നീട് അഖിൽ കൊല നടത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
ഒന്നാം പ്രതി അഖിലിനെയും രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെയും ഇന്ന് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. കൊലപാതകത്തില്‍ അഖിലിനെ സഹായിച്ചത് രാഹുലാണ്. മൂന്നാം പ്രതിയും അഖിലിന്റെ സുഹൃത്തുമായ ആദര്‍ശിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിനെയും അഖിലിനെയും ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൂവാർ സിഐ രാജീവ് കൊലപാതകത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ:
സിനിമയെ വെല്ലുന്ന രീതിയിലാണ് മൂവരും ചേര്‍ന്ന് കൊല നടത്തിയത്. അഖിലിനെ കാണാന്‍ ആയാണ് രാഖിമോള്‍ നെയ്യാറ്റിന്‍കരയില്‍ ബസിറങ്ങിയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് അഖില്‍ രാഖിയെ കൂട്ടി കാറില്‍ യാത്ര തുടര്‍ന്നു. പാതിവഴിയില്‍ വച്ചാണ് രാഹുലും ആദര്‍ശും കാറില്‍ കയറുന്നത്. യാത്രാ മധ്യേ തന്റെ വിവാഹം മുടക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്‍തിരിയണമെന്ന് അഖില്‍ രാഖിയോട് കുറേ ആവശ്യപ്പെട്ടു. ഈ സമയത്ത് അഖിലാണ് കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍, രാഖി ഒരു തരത്തിലും വഴങ്ങിയില്ല. അഖിലുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടുപോകണമെന്നായിരുന്നു രാഖിയുടെ ആവശ്യം. അഖില്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നത് രാഖിക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല. രാഖി ഒരു തരത്തിലും വഴങ്ങാതെ വന്നതോടെ കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു.
അമ്പൂരിയില്‍ നിന്ന് അല്‍പ്പം നീങ്ങി തട്ടാമുക്ക് എന്ന സ്ഥലത്ത് അഖിലിന്റെ പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നുണ്ട്. രാഖി വഴങ്ങാതെ വന്നതോടെ രാഖിയെയും കൊണ്ട് കാര്‍ പട്ടാമുക്കിലെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിന്റെ ഭാഗത്തേക്ക് പോയി. രാത്രി ഏഴിനും എട്ടിനും ഇടയിലാണ് ഇത്. സന്ധ്യാസമയം ആയതിനാല്‍ സ്ഥലത്ത് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. പണി നടക്കുന്ന വീടിന്റെ എതിര്‍വശത്ത് മറ്റൊരു വീടുണ്ടെങ്കിലും മറ്റാരും കാര്‍ ശ്രദ്ധിച്ചില്ല. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് അഖില്‍ പിന്നിലെ സീറ്റിലേക്ക് ഇരുന്നു. കാറിനുള്ളില്‍ വച്ച് തന്നെ രാഖിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു അഖില്‍. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്‌സിലേറ്റര്‍ കൂട്ടി.
കാറിനകത്ത് വച്ച് തന്നെ രാഖി മരിച്ചു. അതിനു ശേഷം മൃതദേഹവും കൊണ്ട് മൂവരും പണി നടന്നുകൊണ്ടിരിക്കുന്ന അഖിലിന്റെ വീടിനുള്ളിലേക്ക് കയറി. വീട്ടില്‍ വച്ച് മരണം ഉറപ്പിക്കാന്‍ അഖിലിന്റെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രാഹുല്‍ രാഖിയുടെ കഴുത്തില്‍ വീണ്ടും പ്ലാസ്റ്റിക് കയറുകൊണ്ട് മുറുക്കി. മരിച്ചു എന്ന് ഉറപ്പിക്കാനാണ് ഇത് ചെയ്തതെന്ന് രാഹുല്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. വീടിനുള്ളില്‍ വച്ചാണ് രാഖിയുടെ വസ്ത്രങ്ങള്‍ മാറ്റിയത്. ശരീരം വേഗം അഴുകുന്നതിനും വസ്ത്ര ഭാഗങ്ങള്‍ പുറത്ത് കാണാതിരിക്കാനും വേണ്ടിയാണ് രാഖിയുടെ വസ്ത്രം പൂര്‍ണമായും മാറ്റിയത്. അതിനു ശേഷം ശരീരത്തില്‍ ഉപ്പ് വിതറുകയും ചെയ്തു. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത് തന്നെയാണ് പിന്നീട് രാഖിയുടെ മൃതദേഹം കുഴിച്ചിട്ടത്. രാഖിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും പലയിടത്തായി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
തമിഴ്നാട്ടിലെ തൃപരപ്പിലുള്ള സുഹൃത്തിന്റെ വാഹനമാണ് അഖില്‍ കൃത്യത്തിനായി ഉപയോഗിച്ചത്. ഇടയ്ക്കിടെ സുഹൃത്തിന്റെ വാഹനം അഖില്‍ വാങ്ങാറുണ്ട്. ആവശ്യം കഴിഞ്ഞ് തിരിച്ചുനല്‍കുകയാണ് പതിവ്. ഇത്തവണയും അങ്ങനെ തൃപരപ്പില്‍ പോയി കാര്‍ എടുത്തു. എന്നാല്‍, കാര്‍ ഉടമയായ സുഹൃത്തിന് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. രാഖിയെ കൊലപ്പെടുത്തിയ ശേഷം പതിവുപോലെ കാര്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. ഈ കാര്‍ പൊലീസ് പിന്നീട് തൃപരപ്പിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും രാഹുലിനെ അവിടെ കൊണ്ടുപോയി മൊഴിയെടുക്കുകയും ചെയ്തു.
കാർ വാങ്ങാൻ രതീഷ് എന്ന സുഹൃത്തിന്റെ തൃപരപ്പിലുള്ള വീട്ടിലെത്തിയത് അഖിലും രാഹുലും ചേർന്നാണെന്ന് രതീഷിന്റെ അമ്മ പറയുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് കാർ തിരിച്ചുനൽകാനെത്തിയത്. അന്ന് രാഹുൽ തനിച്ചാണ് കാർ തിരിച്ചെത്തിയതെന്നും രതീഷിന്റെ അമ്മ പറയുന്നു.