കാല് നഷ്ടമായെന്ന വിലാപങ്ങള്‍… മുഖം നിറയെ ചോര… കോയമ്പത്തൂര്‍ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അഖില്‍ പറയുന്നു

Jaihind News Bureau
Friday, February 21, 2020

തൃശൂര്‍ : കോയമ്പത്തൂർ അവിനാശിയിൽ ഉണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ തൃശൂര്‍ കയ്പമംഗലം സ്വദേശി വീട്ടിൽ തിരിച്ചെത്തി. മൂന്നുപീടിക അറവുശാല സ്വദേശി 26 വയസുള്ള അഖിലാണ് വൻ അപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടത്.

ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്രയും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അഖിലിന്‍റെ വാക്കുകൾ. ബാംഗ്ലൂർ ശാന്തിനഗറിൽ നിന്ന് ബുധനാഴ്ച രാത്രി 9.15ന് ബസിൽ കയറി. ഏറ്റവും പിറകിലെ 47 നമ്പർ സീറ്റിലാണ് അഖിൽ ഇരുന്നിരുന്നത്. എറണാകുളം സ്വദേശിയാണ് തൊട്ടടുത്ത സീറ്റിൽ ഉണ്ടായിരുന്നത്. ബസിലെ എല്ലാവരും പിന്നീട് ഉറക്കത്തിലായി. പുലർച്ചെ രണ്ടരയ്ക്ക് എണീറ്റ് 5.15 ന്അലാറം വെച്ച് വീണ്ടും ഉറങ്ങി. പീന്നീട് ഉണരുമ്പോൾ സീറ്റിന് താഴെ വീണു കിടക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിഞ്ഞില്ല.

 

മുഖത്തും കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. മുഖത്ത് നിറയെ ചോരയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ഒരാൾ കാല് നഷ്ടപ്പെട്ടുവെന്ന് വിളിച്ച് കരയുന്നുണ്ടായിരുന്നു.ഇതിനിടെ ആരൊക്കെയൊ ചേർന്ന് അവിനാശ് മെഡിക്കൽ സെന്‍ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുപ്പൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് നെറ്റിയിലെ മുറിവ് തുന്നി കെട്ടി. പിന്നീട് കോവൈ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നെറ്റിയിൽ ഏഴ് തുന്നികെട്ടുണ്ട്. ചുണ്ടിലും കഴുത്തിലും, കൈക്കും പരിക്കുണ്ട്. ചില്ല് കുത്തി കേറിയാണ് മുഖത്തെ പരിക്ക്.

മാസത്തിൽ രണ്ട് തവണയെങ്കിലും ബാംഗ്ലൂരിൽ പോയി തിരികെ വരാറുള്ള അഖിൽ മുൻ സീറ്റിലിരുന്നാണ് മിക്കപ്പോഴും യാത്ര ചെയ്യാറ്. ഇത്തവണ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളും ഡ്രൈവർ സീറ്റിനടുത്തുള്ള സീറ്റ് ചോദിച്ചെങ്കിലും പിറകിലെ സീറ്റ് മാത്രമേ കിട്ടിയുള്ളൂ. ജീവൻ തിരിച്ചു കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയുകയാണ് അഖിൽ. ബാംഗ്ലൂരിൽ സഹോദരനുമൊത്ത് ഓഡിറ്റിംഗ് സ്ഥാപനം നടത്തി വരികയാണ് അഖിൽ.