എറിഞ്ഞയാളെ കിട്ടിയില്ല, കിട്ടിയൊരാളെ വിട്ടിട്ടുണ്ട്; പ്രതിയെവിടെ? നാണംകെട്ട് പോലീസും ആഭ്യന്തരവകുപ്പും; പരിഹാസ്യരായി സിപിഎം

Jaihind Webdesk
Sunday, July 3, 2022

തിരുവനന്തപുരം: ∙ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാൾക്ക് ജാമ്യം. അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. സംഭവത്തില്‍ ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതോടെയാണ് മറ്റ് വഴികളില്ലാതെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട് പോലീസ് തടിയൂരിയത്.  എകെജി സെന്‍ററിന് കല്ലെറിയുമെന്ന് അഞ്ച് ദിവസം മുമ്പ് പോസ്റ്റിട്ട റിജുവിനെ കലാപാഹ്വാനമുൾപ്പെടെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഇയാൾക്ക് ഒരു പങ്കും ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം യഥാർത്ഥ പ്രതിയെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നത് വലിയ ആക്ഷേപങ്ങള്‍ക്കും പരിഹാസത്തിനും വഴിയൊരുക്കിക്കഴിഞ്ഞു.

അടിമുടി ദുരൂഹമായ എകെജി സംഭവം നടന്ന് ദിവസം മൂന്നായിട്ടും പ്രതിയെ പിടികൂടാനാവാത്തത് പോലീസിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിന്‍റെ കഴിവുകേടിനെച്ചൊല്ലി വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.  ആക്രമണം സിപിഎമ്മിന്‍റെ തന്നെ തിരക്കഥയായതിനാലാണ് പ്രതിയെ പിടിക്കാന്‍ കഴിയാത്തതെന്ന്  സമൂഹമാധ്യമങ്ങളിലടക്കം പരിഹാസവും ഉയരുന്നു. ആദ്യം തന്നെ അന്വേഷണം സ്വയം ഏറ്റെടുത്ത് ‘പ്രതികളെയും പ്രഖ്യാപിച്ച’ എല്‍ഡിഎഫ് കണ്‍വീനറുടെ അത്രപോലും പിടിപ്പില്ലേ കേരള പോലീസിനെന്നാണ്  സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.

നാടകീയമായ എകെജി സംഭവത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സിപിഎം നേതാക്കള്‍ എത്തിയതും മിനിറ്റുകള്‍ക്കകം വന്‍ സന്നാഹത്തോടെ നടത്തിയ ജാഥയുമെല്ലാം പൊതുസമൂഹം ചേര്‍ത്തുവായിക്കുന്നുണ്ട്. പിന്നാലെ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിട്ടു. ആരോപണ ശരങ്ങളേറ്റ് സര്‍ക്കാരും മുഖ്യമന്ത്രിയും അടിമുടി പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് ദുരൂഹമായ ഇത്തരമൊരു സംഭവമുണ്ടായത്. രാഹുല്‍ ഗാന്ധി എത്തുന്നതിന്‍റെ തലേദിവസം ഇത്തരമൊരു അക്രമം നടത്തി ജനശ്രദ്ധ തിരിക്കേണ്ട ആവശ്യം ആര്‍ക്കാണെന്നത് വ്യക്തമാണ്. എന്നാല്‍ സംഭവത്തിലെ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി പ്രതിയെ പിടിക്കണമെന്ന് കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെട്ടതോടെ സിപിഎമ്മിന്‍റെ ആരോപണങ്ങളുടെ മുനയൊടിഞ്ഞു. എന്തായാലും പോലീസിന്‍റെയും ക്യാമറയുടെയും നിരീക്ഷണത്തിലുള്ള അതീവ സുരക്ഷാമേഖലയില്‍  നടന്ന സംഭവത്തിലെ പ്രതി ‘മാഞ്ഞുപോയത്’ എങ്ങനെയെന്ന് ക്യാപ്സൂള്‍ പരുവത്തിലെങ്കിലും വിശദീകരിക്കാന്‍ വിയർക്കുകയാണ് പോലീസ്.