പടക്കമെറിഞ്ഞ് ഒരു മാസം, ആളെ കിട്ടിയില്ല; അന്വേഷണം ‘വിജയകരമായി’ തുടരുന്നു

Jaihind Webdesk
Saturday, July 30, 2022

 

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞിട്ട് ഇന്ന് ഒരു മാസം. ഇതുവരെ ആക്രമണം നടത്തിയ പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ജൂൺ  30 ന് രാത്രിയായിരുന്നു എകെജി സെന്‍ററിന് നേരെ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ഇതുവരെയും ആരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. മുന്നൂറിലധികം സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂട്ടറുകളും വാഹനങ്ങളും പരിശോധിച്ചു. എന്നിട്ടും പ്രതിയെ പിടികൂടാനുള്ള തെളിവുകൾ പോലീസിന് ലഭിച്ചില്ല.

ആസ്ഥാനമന്ദിരത്തിന് നേരെ പടക്കമെറിഞ്ഞതിന് തൊട്ടുപിന്നാലെ എകെജി സെന്‍ററിൽ എത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഉൾപ്പെടെയുള്ളവർ കോൺഗ്രസ്‌ ആണ് ആക്രമണതിന് പിന്നിലെന്ന് ആരോപണം ഉന്നയിച്ചു. പിന്തുണയുമായി സിപിഎം നേതാവ് പി.കെ ശ്രീമതിയും രംഗത്തെത്തി. എന്നാല്‍ ശക്തമായ പ്രതിരോധം തീർത്ത കോണ്‍ഗ്രസ് പ്രതിയെ പിടിക്കാന്‍ സർക്കാരിനെ വെല്ലുവിളിച്ചു. ജയരാജന്‍റെ തിരക്കഥയില്‍ നടന്ന സംഭവമാണിതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. പോലീസ് പ്രതിയെ പിടിക്കാതെ ഇരുട്ടില്‍ തപ്പുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണം കൂടുതല്‍  ചർച്ചയായി.

സിപിഎം ഭരിക്കുന്ന സർക്കാർ സംസ്ഥാനം ഭരിച്ചിട്ടും പടക്കമേറ് നടന്ന് ഒരു മാസം കഴിയുമ്പോഴും പ്രതിയിലേക്ക് എത്താൻ അന്വേഷണസംഘത്തിന് കഴിയാത്തതിൽ ശക്തമായ വിമർശനം പാർട്ടിക്കും സംസ്ഥാന ആഭ്യന്തരവകുപ്പിനും നേരെ ഉയർന്നു. ലോക്കൽ പോലീസ് അന്വേഷിച്ചിട്ടും പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനായില്ല. തുടർന്നാണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്‍പി എസ് മധുസൂദനന്‍റെ നേതൃത്വത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് തീരുമാനമായി ഒരാഴ്ച പിന്നിട്ടിട്ടും പടക്കം എറിഞ്ഞത് ആരെന്നത് സംബന്ധിച്ച് യാതൊരു സൂചനയുമില്ല.

അതിനിടെ എകെജി സെന്‍റർ നേരെ ആക്രമണം നടത്തുമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ട വ്യക്തിയെ അറസ്റ്റ് ചെയ്തതും വിവാദമായതോടെ പിന്നീട് വിട്ടയച്ചതുമെല്ലാം പോലീസിനെയും ആഭ്യന്തരവകുപ്പിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കി. സ്വർണ്ണക്കടത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് എകെജി സെന്‍റർ ആക്രമണത്തിന് പിന്നിലെന്ന ആരോപണം ശക്തമാണ്. എന്തായാലും അതീവസുരക്ഷാ മേഖലയില്‍ നടന്ന സംഭവത്തിലെ പ്രതികളെ പിടിക്കാത്തത് സിപിഎമ്മിനും പോലീസിനും ആഭ്യന്തരവകുപ്പിനും മാത്രമല്ല സർക്കാരിനൊന്നാകെ അപമാനമായിരിക്കുകയാണ്.