‘പൊതുസ്ഥലത്ത് ഉണ്ടാകാന്‍ പോലും പാടില്ലാത്ത വാഹനം, ഓടിക്കുന്നത് ക്രിമിനല്‍ കേസ് പ്രതി’; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

 

കൊച്ചി: ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത കേസിലാണ് ഹെെക്കോടതിയുടെ ഇടപെടല്‍.പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു.

വാർത്ത ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ആകാശ് തില്ലങ്കേരിയുടെയടക്കം നിയമലംഘനങ്ങളിൽ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. നടപടി സ്വീകരിക്കാന്‍ ജോയിന്‍റ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. തില്ലങ്കേരി ഓടിച്ച ജീപ്പിന്‍റെ ആർസി സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കാണ് ഇതിന്‍റെ അന്വേഷണച്ചുമതല.

രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു ആകാശ് തില്ലങ്കേരിയുടെയും കൂട്ടരുടെയും സവാരി.

Comments (0)
Add Comment