എ.കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം ; വിഷയം നിയമസഭയില്‍ ഉന്നയിക്കും : വി.ഡി സതീശന്‍

Jaihind Webdesk
Wednesday, July 21, 2021

 

തിരുവനന്തപുരം : ഫോണ്‍ വിളി വിവാദത്തില്‍ രാജിയില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ എ.കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തില്‍ നിന്ന് പരാതിക്കാരിയെ തന്റെ രാഷ്ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പിന്മാറാന്‍ ആവശ്യപ്പെടുകയാണ് മന്ത്രി ചെയ്തത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹത ശശീന്ദ്രനില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സ്ത്രീപക്ഷ ക്യാംപെയിനെതിരെയും അദ്ദേഹം രംഗത്തെത്തി. പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ മന്ത്രി ഇടപെട്ട ഗൗരവകരമായ സാഹചര്യമാണ് നിലവിലുള്ളത്. യുക്തിരഹിതമായ ദുര്‍ബലമായ വാദങ്ങളാണ് ശശീന്ദ്രന്‍ ഉന്നയിച്ചത്. ഇനിയും ശശീന്ദ്രനെ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ പ്രതിപക്ഷം മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.