ബന്ധുവിനെ നിയമിച്ചതില്‍ തെറ്റില്ല ; ജലീലിനെ വീണ്ടും ന്യായീകരിച്ച് എ.കെ ബാലന്‍ ; പറഞ്ഞത് പാര്‍ട്ടി നിലപാടെന്നും പ്രതികരണം

Jaihind Webdesk
Tuesday, April 13, 2021

 

തിരുവനന്തപുരം : ബന്ധുനിയമനവിവാദത്തില്‍ കെ.ടി ജലീലിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി എ.കെ ബാലന്‍. ബന്ധുവിനെ നിയമിച്ചതില്‍ തെറ്റില്ല. യോഗ്യതയുണ്ടോയെന്നത് മാത്രമാണ് കാര്യം. ജലീലിന്റെ രാജിയില്‍ താന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജലീലിനെ ന്യായീകരിച്ച് ബാലന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ലോകായുക്ത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു ആദ്യ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെ.ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന മന്ത്രി എ.കെ ബാലന്റെ നിലപാട് തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി കഴിഞ്ഞദിവസം രംഗത്തെത്തി. ബാലന്റെ അഭിപ്രായപ്രകടനം നിയമമന്ത്രി എന്ന നിലയിലാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും എം.എ ബേബി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ താന്‍ പറഞ്ഞത് പാർട്ടി നിലപാടാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ജലീലിന്‍റെ രാജിയില്‍ സിപിഎമ്മിലെ ഭിന്നത വെളിവാക്കുന്നതാണ് ഇരുവരുടേയും വാക്കുകള്‍.