ലോക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, മരുന്നുകളുടേയും നിത്യോപയോഗ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തണം: എ.കെ.ആന്‍റണി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളും നിത്യോപയോഗ സാധനങ്ങളും കൃത്യമായി എത്തിക്കാനുള്ള നടപടികള്‍ കൂടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി. കൊവിഡ് മൂലം പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസം ഉണ്ടാകുന്ന അടിയന്തിര ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ലോക്ഡൗണ്‍ നീട്ടാനെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ലോക്ഡൗണ്‍ നീണ്ടുപോകും തോറും രാജ്യത്തെ മാഹാഭൂരിപക്ഷം ജനങ്ങളുടേയും ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതവും വര്‍ദ്ധിക്കാന്‍ പോകുകയാണ്. അതുകൊണ്ടുതന്നെ ലോക്ഡൗണ്‍ നീട്ടുന്നതോടൊപ്പം കഷ്ടപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത് അടക്കമുള്ള നടപടികള്‍ കൂടി സ്വീകരിക്കണം.

ഇതിനൊപ്പം നിത്യോപയോഗ സാധനങ്ങളും മരുന്നുകളും മുടക്കമില്ലാതെ എത്തിക്കാനുള്ള സംവിധാനമുണ്ടാകണം. അതുണ്ടായില്ലെങ്കില്‍ കൊവിഡേനേക്കാള്‍ വലിയ അപകടങ്ങളും പട്ടിണി മരണങ്ങളും രാജ്യത്ത് ഉണ്ടാകും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയില്‍പ്പെട്ടവര്‍ക്കും പ്രോത്സാഹനമായി പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

AK Antony
Comments (0)
Add Comment