ആരോഗ്യ ഐഡി: കേന്ദ്രം ഭരണഘടന ലംഘിക്കുന്നു; നടപടി പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം: എ.കെ ആന്‍റണി

Jaihind News Bureau
Friday, August 28, 2020

 

ന്യൂഡല്‍ഹി: ആരോഗ്യ ഐഡി വിവരശേഖരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ലംഘിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ ആന്‍റണി. പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിത്. കേന്ദ്ര നീക്കത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും എ.കെ ആന്‍റണി  ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം ആരോഗ്യ ഐ.ഡിയുടെ പേരില്‍ രാജ്യത്തെ പൗരന്മാരുടെ ജാതിയും മതവും ചോദിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. പുതിയ ആരോഗ്യ ഐഡിയുടെ പേരിലുള്ള വിവരശേഖരണത്തിന് വേണ്ടിയാണ് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നത്.

ജാതിക്കും മതത്തിനും പുറമെ വ്യക്തികളുടെ ലൈംഗിക താത്പര്യം, രാഷ്ട്രീയ ആഭിമുഖ്യം, സാമ്പത്തിക നില തുടങ്ങിയ വിവരങ്ങളും ശേഖരിക്കണമെന്ന് കരട് ആരോഗ്യ നയത്തിൽ പറയുന്നു. വ്യക്തിയുടെ ലൈംഗിക ജീവിതം എങ്ങനെയാണ്, ലൈംഗിക ആഭിമുഖ്യം എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളും ഇതിൽപ്പെടുന്നു. ഇതിന് പുറമെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളടക്കം സാമ്പത്തിക നിലയും അറിയിക്കണമെന്നും നിർദേശമുണ്ട്.