ഇടതു മുന്നണിക്ക് തൃക്കാക്കരയിലെ ജനങ്ങൾ ഷോക്ക് ട്രീറ്റ്മെന്‍റ് നൽകും : എകെ ആന്‍റണി

Jaihind Webdesk
Friday, May 27, 2022

തൃക്കാക്കരയില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കുമെന്ന് മുതിർന്ന കേൺഗ്രസ് നേതാവ് എ.കെ ആന്‍റണി. എല്ലാ വികസനവും നടപ്പാകൂമ്പോൾ ആക്ഷേപിച്ചവരാണ് ഇടത് മുന്നണി. രൂക്ഷമായ വിലകയറ്റത്തിൽ കേരളം പൊറുതി മുട്ടുമ്പോള്‍ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. കേരളത്തിലെ വികസന വിരോധികൾ സിപിഎമ്മാണെന്നും  അതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ച ആളാണ് പിണറായി വിജയനെന്നും എ.കെ ആന്‍റണി വിമർശിച്ചു.

തൃക്കാക്കരയിൽ ഇങ്ങനെ ഒരു ഉപതെരഞ്ഞെടുപ്പിന് വരേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. കക്ഷി രാഷ്ട്രീയത്തിനും ജാതി മതങ്ങൾക്ക് അതീതമായി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു പി.ടി.  ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഉമ മത്സരിക്കുമ്പോൾ ഇവിടെ വരാതിരിക്കാൻ കഴിയില്ല. അഹങ്കാരത്തിന്‍റെയും അക്രമത്തിന്‍റെ യും ഭരണത്തെ ഇല്ലാതാക്കാന്‍ എൽഡിഎഫിനെ അന്തസായി തോൽപ്പിക്കണം. ഉമ തോമസിന്‍റെ അയൽവക്കത്ത് വരാൻ മറ്റ് സ്ഥാനാർത്ഥികൾക്ക് കഴിയില്ല. പി.ടിയുടെ ഭാര്യ മാത്രമല്ല ഉമ. വിദ്യാർത്ഥി കാലഘട്ടം മുതൽ പടപൊരുതിയ പോരാളി ആണ് ഉമ തോമസെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിന് തുടർ ഭരണം കൊടുത്തതിന്‍റെ ദുരന്തമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. ഇടത് സർക്കാറിന് തുടർ ഭരണം ലഭിച്ചതോടെ ക്ഷേമ പ്രവർത്തനങ്ങൾ നിലച്ചു. ഇന്ധന നികുതി പോലും കുറയ്ക്കാൻ സർക്കാർ തയ്യാറായില്ല. ഇന്ന് സാധാരണക്കാർക്ക് എന്തെങ്കിലും ലഭിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ മുന്നിൽ താഴ്ന്ന് നിൽക്കണം. ഈ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇടത് മുന്നണി ഘടകകക്ഷികൾക്ക് ശബ്ദമില്ലാതാവും. സിപിഎമ്മിൽ പിണറായിക്ക് ഇഷ്ടമില്ലാത്തവരെ ഇനിയും തഴയും. അതിന് മാറ്റം വരാൻ തൃക്കാക്കരയിൽ ഉമ തോമസിന് ചരിത്ര ഭൂരിപക്ഷം നൽകണം. സാമൂദായിക സൗഹാർദമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.കേരളം വിട്ടാൽ സി.പി.എം ഇല്ല. ഇന്ത്യയിൽ ബി.ജെ.പിക്കെതിരെ പോരാടാൻ കഴിയുന്ന പാർട്ടി കോൺഗ്രസ് മാത്രം. കോൺഗ്രസ് ഒറ്റക്കെട്ടായാണ് പ്രവർത്തന രംഗത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്‍റെ  കടം നാല് ലക്ഷം കോടിക്കടുത്തായി. സർക്കാരിന്‍റെ  കയ്യിൽ പണമില്ല. ഖജനാവ് കാലി ആര് എതിർത്താലും കെ റെയിൽ നടപ്പാക്കുമെന്ന ധിക്കാരത്തിന്‍റെ ഭാഷ സർ സി.പിയുടെ ഭാഷ.  ഇത് കേരളത്തിൽ നടക്കില്ല.   സിൽവർ ലൈൻ പദ്ധതിയെ കോൺഗ്രസും യു.ഡി.എഫും മാത്രമല്ല ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും എതിർക്കുന്നു. കേരളം പഴയ കേരളമല്ല.കാലാവസ്ഥ കേരളത്തെ മാറ്റി. പരിസ്ഥിതി ലോല പ്രദേശമായി കേരളം മാറി. ഇനി വൻകിട പ്രൊജക്ടുകൾ കേരളത്തിൽ വരുമ്പോൾ പരിസ്ഥിതി ആഘാത പഠനം വേണമെന്നും ആന്‍റണി പറഞ്ഞു.

രാജ്യത്തെ എല്ലാ വികസനവും കോൺഗ്രസിന്‍റേതാണ്. കേരളത്തിലെ എല്ലാ വികസനവും നടപ്പാക്കിയത് യുഡിഎഫ് സർക്കാറാണ്.കൊച്ചിയുടെ ഇന്നത്തെ വികസനങ്ങള്‍ക്ക്  അടിത്തറ പാകിയത് കെ.കരുണാകരനാണ്. വിമാന താവളം, ഗോശ്രീ പാലങ്ങൾ, സ്റ്റേഡിയം എല്ലാത്തിന് പിന്നിലും കെ.കരുണാകരനാണ്.  തൃക്കാക്കരയില്‍  ഐ.ടി വികസനത്തിന് തുടക്കം കുറിച്ചത് താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്.  എൽഡിഎഫ് ഭരിച്ചപ്പോൾ എല്ലാ വികസന പദ്ധതിയേയും പിന്തുണച്ചവരാണ് യുഡിഎഫ് എന്നും എകെ ആന്‍റണി വ്യക്തമാക്കി.

കേരള മന്ത്രി സഭ ഒന്നടങ്കം തൃക്കാക്കരയിലാണ്.  ഇനിയും നാല് വർഷം ഭരിക്കാൻ ഭൂരിപക്ഷം ഉള്ള സർക്കാർ ഇവിടെ തമ്പടിക്കുന്നത് എന്തിനാണ്?  ജനങ്ങളോട് പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ മന്ത്രിസഭ പൂർണ്ണമായും ഇവിടെ ഉണ്ടാകുമായിരുന്നില്ല. 1958ൽ ഇഎംഎസ് ഭരിക്കുമ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ പോലും മന്ത്രിമാർ ഇങ്ങനെ വന്നില്ല
തൃക്കാക്കര ജയിച്ചാൽ എൽഡിഎഫിന്100 സീറ്റാവും. സർക്കാറിന് വേണ്ടത് വാർഷിക ആഘോഷത്തിൽ സെഞ്ച്വറി നേടണമെന്നാണ് എന്നാല്‍ സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ വേണ്ടത് പിറന്നാൾ സമ്മാനമല്ല ഷോക്ക് ട്രീറ്റ്മെന്‍റാണ് – ആന്‍റണി പറഞ്ഞു.