അഴിമതിയും ധൂർത്തും പിണറായി സർക്കാരിന്‍റെ മുഖമുദ്ര ; സ്വർണ്ണക്കടത്തില്‍ കേന്ദ്രവുമായി ധാരണ : എ.കെ ആന്‍റണി

 

തിരുവനന്തപുരം : കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി. അഴിമതിയും ധൂർത്തുമാണ് സർക്കാരിന്‍റെ മുഖമുദ്ര. വിശ്വാസി സമൂഹം സർക്കാരിനെതിരാണ്. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണയുണ്ടെന്നും എകെ ആന്‍റണി പറഞ്ഞു.

ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചാല്‍ കേരളത്തില്‍ സര്‍വ്വനാശമായിരിക്കുമെന്ന് എ.കെ ആന്‍റണി പറഞ്ഞു. ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ പിണറായി വിജയനെ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് പോലും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ആന്‍റണി പറഞ്ഞു.  പിണറായി വിജയന്‍ സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അദ്ദേഹം നിലപാടുകള്‍ മയപ്പെടുത്തി. മുമ്പ് പിണറായി വിജയന്‍ ഇങ്ങിനെയായിരുന്നില്ല. ഇപ്പോഴത്തെ മയപ്പെടുത്തല്‍ അക്കര കടക്കാനുള്ള തന്ത്രമാണ്. സിപിഎമ്മുകാരും തുടർഭരണത്തിനെതിരായി വോട്ട് ചെയ്യണം. ഇപ്പോഴത്തെ മാന്യത ഒരു മാസത്തേക്കാണെന്നും പിണറായി വിജയന് തുടര്‍ഭരണത്തിന് ഒത്താശ ചെയ്യുന്നവര്‍ ദുഃഖിക്കേണ്ടിവരുമെന്നും എ.കെ ആന്‍റണി പറഞ്ഞു.

പൊളിറ്റ് ബ്യൂറോയും സെക്രട്ടേറിയറ്റും എല്‍.ഡി.എഫും എല്ലാം പിണറായിയാണ്. എന്‍.എസ്.എസ് വിമര്‍ശനത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെയാണ് പഴിചാരുന്നത്ശബരിമല വിഷയം വഷളാക്കിയത് മുഖ്യമന്ത്രിയാണ്. ഏപ്രില്‍ ആറിന് സ്ത്രീകള്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കുമെന്നും എ.കെ ആന്‍റണി പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തില്‍ തെറ്റ് പറ്റിയെന്ന് ഒരു മന്ത്രി പറയുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ആന്‍റണി കുറ്റപ്പെടുത്തി.

Comments (0)
Add Comment