ബിജെപി പ്രകടനപത്രിക തനി കാപട്യം നിറഞ്ഞതെന്ന് എ.കെ ആന്‍റണി

Jaihind Webdesk
Tuesday, April 9, 2019

ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക തനി കാപട്യം നിറഞ്ഞതാണെന്ന് കോൺഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി.  എന്‍ഡിഎ പ്രകടനപത്രിക പാലം കടക്കാനുള്ള അടവുമാത്രമാണെന്നും എ.കെ ആന്‍റണി കണ്ണൂരിൽ പറഞ്ഞു.

കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് എൻഡിഎ  പ്രകടനപത്രികയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി കടുത്ത വിമർശനം നടത്തിയത്. എന്‍ഡിഎ പ്രകടനപത്രിക പാലം കടക്കാനുള്ള അടവുമാത്രമാണ്. അതിനുവേണ്ടി വച്ച വെള്ളം അടുപ്പത്തു നിന്നു ഇറക്കിവയ്ക്കണമെന്നും എ.കെ ആന്‍റണി പറഞ്ഞു.

ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക തനി കാപട്യം നിറഞ്ഞതാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നു പറയുന്ന നരേന്ദ്രമോദി ശബരിമലയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കേണ്ട ആവശ്യമുണ്ടോയെന്നു വ്യക്തമാക്കണമെന്നും എ.കെ ആന്‍റണി ആവശ്യപ്പെട്ടു.

സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യംകുറിക്കാനുള്ള ഏറ്റവും വലിയ ഒറ്റമൂലി വോട്ടവകാശമാണെന്നും ആന്‍റണി പറഞ്ഞു.  ചടങ്ങിൽ യുഡിഎഫ് ലോകസഭാ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽ ഖാദർ മൗലവി അധ്യക്ഷത വഹിച്ചു ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, എംഎൽഎമാരായ കെ.സി.ജോസഫ്  അഡ്വ.സണ്ണി ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, സുമാ ബാലകൃഷ്ണൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി.മുസ്തഫ ഐഎൻടിയുസി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.[yop_poll id=2]