കൊവിഡ്, പ്രകൃതിക്ഷോഭം: പ്രത്യേക ആശ്വാസ പാക്കേജും നേരിട്ട് പണം കൈമാറുന്ന പദ്ധതിയും പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് എ.കെ  ആന്‍റണിയുടെ കത്ത്

Jaihind News Bureau
Friday, August 7, 2020

 

തിരുവനന്തപുരം: കൊവിഡ്, സാമ്പത്തിക പ്രതിസന്ധി, പ്രകൃതിക്ഷോഭം എന്നിവമൂലം പ്രതിസന്ധി നേരിടുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങള്‍ക്കായി പ്രത്യേക ആശ്വസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്‍റണി എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്ഥിരവരുമാനമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം ഉന്നയിച്ചു.

പ്രഖ്യാപിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും ലോക്ഡൗണും നിയന്ത്രണങ്ങളും കേരളം അടക്കമുള്ള ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നു. കോവിഡ് ഏറ്റവും രൂക്ഷമായ രീതിയില്‍ ബാധിച്ച മേഖലകളില്‍ രോഗബാധ നിയന്ത്രണ വിധേയമായിട്ടുണ്ട്. അതേസമയം മറ്റ് ചില മേഖലകളില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

രാജ്യത്തെ ജനസംഖ്യയിലെ നല്ലൊരു ശതമാനം സ്ഥിര വരുമാനമില്ലാത്തവരാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇവര്‍. ആരോഗ്യ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പം രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രകൃതിക്ഷോഭ ഭീഷണിയും നേരിടേണ്ടി വന്നിരിക്കുന്നു. ശക്തമായ കാറ്റും, മഴയും കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭീതിയുടെ അന്തരീക്ഷം സംജാതമാക്കിയിട്ടുണ്ട്. കടല്‍ക്ഷോഭം മൂലം കേരളത്തിലെ തീരദേശമേഖലകളില്‍ വലിയതോതില്‍ നാശനഷ്ടങ്ങളുണ്ടായിക്കഴിഞ്ഞു.

ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഈ ഇവര്‍ക്കായി പ്രത്യേക പാക്കേജും സ്ഥിര വരുമാനമില്ലാത്തവര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയും നടപ്പാക്കണമെന്നും കത്തില്‍ എ.കെ. ആന്‍റണി ആവശ്യപ്പെട്ടു.