അഗസ്റ്റ വെസ്റ്റ്‌ലാന്റില്‍ ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുന്നു: എ.കെ. ആന്റണി

Jaihind Webdesk
Monday, December 31, 2018

ന്യുദല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസില്‍ ഗീബല്‍സിനെ പോലും വെല്ലുംവിധമാണു കേന്ദ്ര സര്‍ക്കാര്‍ നുണ പ്രചാരണം നടത്തുന്നതെന്നു മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. താന്‍ പ്രതിരോധ മന്ത്രിയായിരിക്കെ ഒപ്പിട്ട അഗസ്റ്റ കരാറിന്റെ ഒരു ഘട്ടത്തില്‍ പോലും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇടപെട്ടിട്ടില്ല. കരാറില്‍ ക്രമക്കേടുണ്ടെന്നറിഞ്ഞ നിമിഷം തന്നെ സി,ബി,ഐ അന്വേഷണത്തിനു താന്‍ ഉത്തരവിട്ടതായും ആന്റണി വ്യക്തമാക്കി.
ഇറ്റലിയിലെ മിലാന്‍ കോടതിയില്‍ കേസ് നടത്തി കരാര്‍ തുകയും മൂന്നു ഹെലികോപ്റ്ററുകളും യു.പി.എ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. അഗസ്റ്റ വെസ്റ്റ്‌ലാന്റ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനും താന്‍ ഉത്തരവിട്ടു.

എന്നാല്‍, പിന്നീടു വന്ന മോദി സര്‍ക്കാര്‍ കരിമ്പട്ടികയില്‍നിന്ന് കമ്പനിയെ ഒഴിവാക്കി. ബംഗളൂരുവിലെ എയ്‌റോ ഇന്ത്യ ഷോയില്‍ കമ്പനിയുടെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയ്ക്കു പങ്കെടുക്കാനും അവസരം നല്‍കി.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു പ്രതികാര രാഷ്ട്രീയം കളിക്കുകയാണു ബിജെപി. റഫാല്‍ കേസില്‍ ജെപിസി അന്വേഷണത്തിനു പോലും വഴങ്ങാത്ത സര്‍ക്കാര്‍ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് അഗസ്റ്റ കേസില്‍ വ്യാജ ആരോപണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത് ആന്റണി കുറ്റപ്പെടുത്തി.