പാലാ തെരഞ്ഞെടുപ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പാഠം പഠിപ്പിക്കാനുള്ളത്: എ.കെ. ആന്റണി

Jaihind Webdesk
Wednesday, September 18, 2019

കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പാഠം പഠിപ്പിക്കാനുള്ള തെരഞ്ഞെടുപ്പാണ് പാലായിലേതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റെണി. ക്യാബിനറ്റ് യോഗം പോലും മാറ്റി വച്ച് മുഖ്യമന്ത്രി പാലായിൽ തമ്പടിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. ശബരിമല വിഷയത്തിൽ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലയിൽ യു.ഡി എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ജോസ് ടോം ആണ് യു.ഡി എഫിന്റെ സ്ഥാനാർത്ഥി എങ്കിലും പാലാക്കാരുടെ മനസിലെ സ്ഥാനാർത്ഥി കെ.എം മാണിയാണെന്ന് എ.കെ. ആന്റണി പറഞ്ഞു. ആരെ വിജയിപ്പിക്കണമെന്ന് പാലക്കാർ ഇതിനകം തീരുമാനം എടുത്ത് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മൂന്നര വർഷത്തെ ഭരണം കൊണ്ട് എല്ലാം ശരിയായത് സി പി എമ്മിന് മാത്രമാണ്.
പാല തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അംഗീകരിക്കുന്നതായും എ.കെ.ആന്റെണി പറഞ്ഞു. ശബരിമല വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇപ്പോഴും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എ.കെ.ആന്റണി കുറ്റപ്പെടുത്തി. പാലയുടെ സൃഷ്ടാവാണ് കെ.എം.മാണി. സാധാരണക്കാർക്ക് വേണ്ടി ജീവിതം ഒഴിഞ്ഞ് വച്ച നേതാവാണ് കെ.എം മാണിയെന്നും എ.കെ. ആന്റണി അഭിപ്രായപ്പെട്ടു.