‘തൃക്കാക്കരയിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് സഹനത്തിന്‍റെ പ്രതീകമായ ഉമയുടെ അയല്‍പ്പക്കത്ത് എത്താന്‍ കഴിയില്ല’: എ.കെ ആന്‍റണി

താരതമ്യം ചെയ്യുമ്പോള്‍ ഉമാ തോമസിന്‍റെ അയല്‍പക്കത്ത് വരാന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. സ്ഥാനാര്‍ത്ഥികളെ കുറിച്ച് ആക്ഷേപിക്കുന്നില്ലെങ്കിലും അന്തസുള്ള, സംസ്‌ക്കാരമുള്ള, കൂലിനയായ മഹാരാജാസ് കോളേജിന്‍റെ പ്രോഡക്ടായ ഉമ സഹനത്തിന്‍റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവ് മരിച്ചപ്പോള്‍ ഭാര്യക്ക് കൊടുത്ത സീറ്റല്ല ഉമയുടേത്. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ പടപൊരുതിയ പോരാളി ആണ് ഉമാ തോമസ്. ഇന്നുവരെയുള്ള ഉമയുടെ വാക്കും പെരുമാറ്റവും നോട്ടവും എത്രമാത്രം കുലീനമാണ്. പി.ടി തോമസിനോടൊപ്പം ഉമ ഇറങ്ങി പുറപ്പെടുമ്പോള്‍ അദ്ദേഹം കേരളം മുഴുവന്‍ അറിയപ്പെടുന്ന നേതാവാണെങ്കിലും ജീവിക്കാന്‍ വരുമാനമൊന്നുമില്ലായിരുന്നു. ആദ്യകാലത്ത് കുടുംബം പോറ്റിയത് ഉമാ തോമസ് ജോലി ചെയ്താണ്. അങ്ങനെ കഷ്ടപ്പെട്ട് പണിയെടുത്ത് സഹിച്ചുവന്ന ആളാണ് ഉമ.

‘പി.ടി തോമസ് അഞ്ചര മണിക്ക് എഴുന്നേറ്റ് ജനങ്ങളെ കാണാന്‍ ഇറങ്ങണമെങ്കില്‍ അതിന് ഒരു മണിക്കൂര്‍ മുന്നേ ഉമ എഴുന്നേല്‍ക്കണം. അപ്പോള്‍ പി.ടി തോമസിനെ മാത്രമല്ല ഉമയേയും ജനങ്ങള്‍ക്ക് മറക്കാന്‍ സാധ്യമല്ല. ഞാനടക്കം ഒരുപിടി നേതാക്കള്‍ മഹാരാജാസ് കോളേജിന്‍റെ പ്രോഡക്ടാണ്. അതില്‍ വലിയ അഭിമാനമുണ്ട്. മഹാരാജാസിന്‍റെ പാരമ്പര്യം വലുതാണ്’ – ആന്‍റണി പറഞ്ഞു.

തൃക്കാക്കരയുടെ മാത്രമല്ല, കേരളത്തിലെ ചെറുപ്പക്കാരുടെയും ജ്വലിക്കുന്ന ഓര്‍മ്മയാണ് പി.ടി തോമസ്. ഉമയ്ക്ക് നല്‍കുന്ന വോട്ട് ഉമക്ക് മാത്രമല്ല പി.ടിക്കും കൂടിയുള്ളതാണെന്നും എ.കെ ആന്‍റണി അഭിപ്രായപ്പെട്ടു.

Comments (0)
Add Comment