കണ്ണൂര്‍: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവാദങ്ങള്‍ക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എം.ആര്‍ അജിത് കുമാര്‍. ഇന്ന് കണ്ണൂര്‍ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. മറ്റു ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തിയ അജിത്കുമാര്‍ നിരവധി വഴിപാടുകളും നടത്തി.
അതേസമയം, എഡിജിപിക്കെതിരായ പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതികളില്‍ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് നല്‍കാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി. അതോടൊപ്പം ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചേക്കും. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ നീക്കണോ എന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാണ്.
തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി നേരിട്ടാണെങ്കിലും അതിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയാണ്. പി.വി അന്‍വര്‍ എംഎല്‍എ നല്‍കിയ പത്തോളം പരാതികളിലെ അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇത് അന്തിമ അന്വേഷണ റിപ്പോര്‍ട്ടാക്കുന്നതിന്റെ തിരക്കിലാണ് ഡിജിപി. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം.