അജിത്കുമാര്‍ ബിജെപിക്കും മുഖ്യമന്ത്രിക്കും ഇടയിലുള്ള പാലം; മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മിക ഉത്തരവാദിത്തം പിണറായി വിജയന് നഷ്ടമായെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം : എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്. ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി. ഇപ്പോള്‍ പുറത്തുവന്നത്. മഞ്ഞു മലയുടെ ആറ്റം മാത്രമാണ്. പ്രകാശ് ജാവഡേക്കറെ കണ്ട ഇ.പി ജയരാജന്‍റെ പദവി പോയി. എന്നാല്‍ എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അപ്പോള്‍ ഇവിടെ ആരുടെ സ്ഥാനമാണ് തെറിക്കേണ്ടത്. എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല. എന്തുകൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്കുവേണ്ടി ബിജിപിയുമായി ധാരണയുണ്ടാക്കുന്ന എഡിജിപി ആയതുകൊണ്ടല്ലേ ഇപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല ബിജെപിക്ക് സിപിഎമ്മുമായുള്ളത്. ഇത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയതാണ്. ആ ബന്ധത്തിന്‍റെ തുടര്‍ച്ചയാണ് എഡിജിപി സ്വകാര്യ വാഹനത്തില്‍ പോയി ആര്‍എസ്എസ് നേതാവുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയത്. ഇതിന്‍റെ ഭാഗമാണ് തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനുള്ള സാഹചര്യമുണ്ടാക്കിയത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഈ രഹസ്യ ധാരണയാണ്. ബിജെപി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തും ചെയ്യും. ബിജെപിയെ ജയിപ്പിക്കാന്‍ പിണറായി വിജയന്‍ എന്തും ചെയ്യും. ഇരട്ട ചങ്കന് ഒരു ചങ്കു പോലും ഇല്ല.

മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മികമായുള്ള ഉത്തരവാദിത്വം പിണറായി വിജയന് നഷ്ടപ്പെട്ടു. ഭരണകക്ഷി എംഎല്‍എ തന്നെ പറയുന്നു മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ ഒരു ചുക്കുമുണ്ടാവില്ലെന്ന്. പിന്നെ ഈ സംസ്ഥാനത്ത് എന്തിനാണ് മുഖ്യമന്ത്രി ഈ കസേരയില്‍ ഇരിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.

Comments (0)
Add Comment