അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; ഇനിയും ലിസ്റ്റില്‍ ആരൊക്കെ?

 

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി മാത്രമല്ല അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാംമാധവിനേയും കണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

രാംമാധവുമായി കോവളത്തെ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം. ബിജെപി മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പിന്‍റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കും കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ നല്‍കിയിരുന്നു. നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തി, രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ച രാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എം.ആര്‍. അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Comments (0)
Add Comment