ആവേശമായി ഐശ്വര്യ കേരള യാത്ര ; കൊല്ലം ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയായി

Jaihind News Bureau
Thursday, February 18, 2021

 

കൊല്ലം : രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു. ആവേശകരമായ വരവേൽപ്പാണ് യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്. രാവിലെ കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ പത്തനാപുരത്ത് എത്തിയ ജാഥയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് പുനലൂരിൽ എത്തിയ ജാഥയിൽ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ അണിചേർന്നു.

ഉച്ച കഴിഞ്ഞ് കൊട്ടാരക്കരയിലും ജാഥയ്ക്കു വൻ വരവേൽപ്പാണ് ലഭിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൊട്ടാരക്കരയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്ധ്യയോടെ ചടയമംഗലത്ത് എത്തിയ ജാഥയെ ആയിരങ്ങള്‍ വരവേറ്റു. ചാത്തന്നൂർ മണ്ഡലത്തിൽ എത്തിയ ജാഥയ്ക്ക് പാരിപ്പള്ളി ജംഗ്ഷനിൽ വൻ വരവേൽപ്പ് നൽകി.

യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ സംസ്ഥാനത്ത് ഇടതുമുന്നണി നടത്തിയ എല്ലാ അഴിമതികളെക്കുറിച്ചും അന്വേഷണം നടത്തി കുറ്റക്കാരെ കൈയാമം വെക്കുമെന്ന് സമാപന സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. നാളെ രാവിലെ ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തും. തുടർന്ന് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ 5 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും.