ഐശ്വര്യകേരള യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ ; ജനഹൃദയങ്ങള്‍ കീഴടക്കി മുന്നോട്ട്

Jaihind News Bureau
Friday, February 5, 2021

 

മലപ്പുറം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യകേരള യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. മൂന്ന് ദിവസങ്ങളിലായി 16 നിയോജക മണ്ഡലങ്ങളിലെ ഓരോ കേന്ദ്രങ്ങളിൽ ജാഥയ്ക്ക്  സ്വീകരണമൊരുക്കും രാവിലെ 10ന് വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയിലാണ് ആദ്യ സ്വീകരണം. തുടർന്ന് വേങ്ങര, കൊണ്ടോട്ടി, മഞ്ചേരി, ഏറനാട്, വണ്ടൂർ തുടങ്ങിയ മണ്ഡലങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് 6ന് നിലമ്പൂരില്‍ സമാപിക്കും.

 

കോഴിക്കോട് ജില്ലയിൽ ആവേശോജ്ജ്വലമായ സമാപനമാണ് യാത്രയ്ക്ക് ലഭിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടന്ന സമാപന പരിപാടി യുഡിഎഫിന്‍റെ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. സമാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കർണാടക പി സി സി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 80 ശതമാനം സീറ്റുകൾ നേടുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ‌ ചാണ്ടി, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, എം.കെ രാഘവൻ എംപി, മുസ്ലീം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, എം.കെ മുനീർ എംഎൽഎ, സിഎംപി നേതാവ് സിപി ജോൺ, ഫോർവേഡ് ബ്ലോക്ക്‌ നേതാവ് ജി ദേവരാജൻ, തുടങ്ങി യുഡിഎഫിന്‍റെ നിരവധി നേതാക്കൾ യാത്രക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.