ആവേശമായി ഐശ്വര്യ കേരള യാത്ര ; ആലപ്പുഴ ജില്ലയില്‍ ഇന്നും പര്യടനം തുടരും

 

ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ആലപ്പുഴ ജില്ലയിലെ പര്യടനത്തിൽ ആദ്യ ദിനത്തിൽ ലഭിച്ചത് ആവേശകരമായ സ്വീകരണം. ആയിരങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും രമേശ് ചെന്നിത്തലയെ സ്വീകരിക്കാനെത്തിയത്. ഇന്ന് വൈകിട്ടോടെ ജില്ലയിലെ പര്യടനം പൂർത്തിയാവും.

കായലും കടലും കൈകോർക്കുന്ന കിഴക്കിന്‍റെ വെനീസെന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലേക്ക് കടന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ജില്ലാ അതിർത്തിയായ തണ്ണീർമുക്കം ബണ്ടിൽ ആവേശോജ്വല സ്വീകരണ മാണ് യു.ഡി.എഫ് പ്രവർത്തകർ നൽകിയത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ അരൂർ തുറവൂരിലേക്ക് രമേശ് ചെന്നിത്തലയെ പ്രവർത്തകർ ആനയിച്ചു. അസ്തമയെ സൂര്യനെ സാക്ഷി നിർത്തി നടന്ന സ്വീകരണ സമ്മേളനത്തിൽ ആയിരങ്ങൾ പങ്കാളികളായി. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാനത്ത് നടക്കുന്ന പിൻവാതിൽ നിയമനത്തിനെതിരെയും രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്.

അരൂരിലെ സ്വീകരണത്തിന് ശേഷം ചേർത്തലയിൽ നടന്ന സ്വീകരണത്തിലും ആയിരങ്ങൾ തടിച്ചുകൂടി .വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നവരെ ചേർത്തലയിലെ സ്വീകരണ വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് സ്വീകരിച്ചു. തുടർന്ന് ആലപ്പുഴയിൽ നടന്ന ഇന്നലെത്തെ അവസാന സ്വീകരണ സമ്മേളനത്തിൽ രാത്രി വൈകിയും കാത്തിരുന്നത് വൻ ജനാവലിയാണ്. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ തോളിലേറ്റിയാണ് രമേശ് ചെന്നിത്തലയെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ആനയിച്ചത്. ആവേശം അലതല്ലിയ അന്തരീക്ഷത്തിലാണ് ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയാക്കിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രമുഖ യു.ഡി.എഫ് നേതാക്കൾ സംബന്ധിച്ചു.

അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലാണ് ഇന്ന് യാത്ര പര്യടനം നടത്തുന്നത്.  വൈകിട്ട് കായംകുളത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തോടെ ജില്ലയിലെ ഐശ്വര്യ കേരള യാത്രയുടെ പര്യടനം പൂർത്തിയാകും.

Comments (0)
Add Comment