ആവേശമായി ഐശ്വര്യ കേരള യാത്ര ; തിരുവനന്തപുരം ജില്ലയില്‍ നാളെയും പര്യടനം തുടരും

Jaihind News Bureau
Saturday, February 20, 2021

 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിൽ അവേശ്വോജ്വല സ്വീകരണം. അഞ്ച് കേന്ദ്രങ്ങളിലാണ് ജില്ലയിൽ സ്വീകരണം നൽകിയത്. നാളെ യാത്രക്ക് നാല് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

തലസ്ഥാന ജില്ലയിലെ ആദ്യ ദിന പര്യടനത്തെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് അണിനിരന്നത്. വർക്കലയിൽ ആയിരുന്നു ആദ്യ സ്വീകരണം. തുടർന്ന് ചെറിയൻകീഴ്, വാമനപുരം, നെടുമങ്ങാട് നിയോജക മണ്ഡലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ഓരോ സ്വീകരണ വേദിയിലും പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു.

ഇടത് സർക്കാരിന്‍റെ ജനദ്രോഹ നടപടികളും അഴിമതികൾക്കുമെതിരെ രൂക്ഷ വിമർശനമാണ് രമേശ് ചെന്നിത്തല ഉയർത്തിയത്. രാത്രിയോടെ അരുവിക്കരയിൽ നടന്ന സമാപന സമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ.ഐ.സി.സി സെക്രട്ടറി പി വിശ്വനാഥൻ, കോൺഗ്രസ്‌ നേതാക്കൾ, എം.പി മാർ, എം.എൽ.എ മാർ, യു.ഡി.എഫ് ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ വിവിധ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.