ഐശ്വര്യകേരള യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ; വർക്കലയില്‍ ആദ്യസ്വീകരണം

Jaihind News Bureau
Saturday, February 20, 2021

 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് പര്യടനം നടത്തും. വര്‍ക്കലയിലാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് ആറ്റിങ്ങല്‍, ചിറയിന്‍കീഴ്,വാമനപുരം, നെടുമങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അരുവിക്കരയില്‍ ഇന്നത്തെ പര്യടനം സമാപിക്കും.

കഴിഞ്ഞദിവസം കൊല്ലത്ത് യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനത്തില്‍ കുണ്ടറയിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് കുന്നത്തൂർ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. തുടർന്ന് ചവറ ഇടപ്പള്ളിക്കോട്ടയിൽ ആയിരങ്ങൾ ജാഥയെ വരവേറ്റു. പിന്നീട് ചിന്നക്കടയിൽ എത്തിയ യാത്രയ്ക്ക് കൊല്ലം ഇരവിപുരം മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി.

കന്‍റോൺമെന്‍റ് മൈതാനത്ത് ചേർന്ന ജില്ലയിലെ പര്യടനത്തിന്‍റെ സമാപന സമ്മേളനം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്തു. നടൻ ധർമ്മജൻ ബോൾഗാട്ടി പ്രതിപക്ഷ നേതാവിനും ഐശ്വര്യ കേരള യാത്രയ്ക്കും പിന്തുണയും അഭിവാദ്യങ്ങളുമായി സമാപന സമ്മേളന വേദിയിലെത്തി.