ആവേശമായി ഐശ്വര്യ കേരള യാത്ര ; ഇന്ന് എറണാകുളം ജില്ലയില്‍

Jaihind News Bureau
Thursday, February 11, 2021

കൊച്ചി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. ഇന്നും നാളെയുമായി 11 കേന്ദ്രങ്ങളിലായി 14 മണ്ഡങ്ങളുടെ സ്വീകരണം നടക്കും. പ്രചാരണ പരിപാടികൾ ഉൾപ്പെടെയുള്ള മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം അറിയിച്ചു.

7 ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര എറണാകുളത്തേക്ക് പ്രവേശിക്കുന്നത്. രാവിലെ 10ന് അങ്കമാലിയിൽ എത്തുന്ന ഐശ്വര്യ കേരള യാത്രയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ടി.ജെ വിനോദ് എം.എൽ.എ യുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. തുടർന്ന് അങ്കമാലിയിൽ ജില്ലയിലെ ആദ്യ സ്വീകരണസമ്മേളനം നടക്കും.

 

 

11 മണിക്ക് ആലുവയിൽ എത്തുന്ന യാത്രയെ പറവൂർ കവലയിൽനിന്ന് അൻവർ സാദത്ത് എം.എൽ.എയുടെയും യു.ഡി.എഫ് നേതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിക്കും. ആലുവ തോട്ടക്കാട്ടുകര ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ സ്വീകരണ ചടങ്ങ് കളമശേരി മാളികം പീടികയിലാണ്. യു.സി കോളേജിന് മുന്നിൽനിന്ന് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പ്രതിപക്ഷനേതാവിനെ സമ്മേളനവേദിയിൽ എത്തിക്കും.

 

4 മണിക്ക് പറവൂരിലെത്തുന്ന യാത്രയെ നമ്പൂരിച്ചൻ ആലിൻ ചുവട്ടിൽ നിന്ന് ഐശ്വര്യ കേരള യാത്ര കോർഡിനേറ്റർ കൂടിയായ വി.ഡി സതീശൻ എം.എല്‍.എയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് മുനിസിപ്പൽ പാർക്കിലാണ് സ്വീകരണ സമ്മേളനം. പറവൂരിൽ നിന്ന് വരാപ്പുഴ കണ്ടെയ്നർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കുന്ന യാത്രയ്ക്ക് ഗോശ്രീ പാലത്തിന് സമീപം സ്വീകരണം നൽകും. തുടർന്ന് എറണാകുളം മണ്ഡലത്തിന്‍റെ സമാപന സമ്മേേളനം മറൈൻ ഡ്രൈവിൽ നടക്കും. നാളെയും ജില്ലയിൽ പര്യടനം തുടരുന്ന ഐശ്വര്യ കേരള യാത്ര രാവിലെ തൃപ്പുണിത്തുറയിൽ നിന്നും ആരംഭിച്ച് രാത്രി കോതമംഗലത്ത് സമാപിക്കും.