ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

Jaihind Webdesk
Wednesday, June 16, 2021

കൊച്ചി : ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ ഐഷ സുല്‍ത്താന സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും കോടതി വിശദീകരണം തേടി. ഞായറാഴ്ച കവരത്തി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ കേസ് വ്യാഴാഴ്ച പരിഗണിക്കണമെന്ന ഐഷയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ  ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ബിജെപി നേതാവിന്‍റെ പരാതിയിലാണ് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാല്‍ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികളെ വിമര്‍ശിക്കുന്നത് എങ്ങനെ രാജ്യദ്രോഹക്കുറ്റമാകുമെന്നത് ചോദ്യം ചെയ്താണ് ഐഷ കോടതിയെ സമീപിച്ചത്. ഞായറാഴ്ച പൊലീസ് വിളിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വ്യാഴാഴ്ച പരിഗണിക്കണമെന്നും ഐഷയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച കോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെയും നിലപാട് തേടി.  കേസില്‍ രേഖാമൂലം അടുത്ത ദിവസം തന്നെ മറുപടി നല്‍കാമെന്ന് കേന്ദ്രവും ലക്ഷദ്വീപ് അഡ്മിനിട്രേഷനും അറിയിച്ചതോടെ ഐഷയുടെ ആവശ്യം കൂടി പരിഗണിച്ച് വ്യാഴാഴ്ചത്തേക്ക് കേസ് മാറ്റി.

അതേസമയം ഐഷയ്ക്ക് പിന്തുയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നു. സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഐഷ സുല്‍ത്താനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സേവ് ലക്ഷദ്വീപ് ഫോറവും വ്യക്തമാക്കി.