കവരത്തി : ബയോവെപ്പണ്‍ പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് രണ്ടാമതും ചോദ്യംചെയ്ത് വിട്ടയച്ചു. എട്ട് മണിക്കൂറോളമാണ് കവരത്തി പൊലീസ് ചോദ്യം ചെയ്തത്. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. ഐഷ ലക്ഷദ്വീപിൽ തുടരണമോ എന്ന കാര്യം നാളെ അറിയിക്കാമെന്നും പൊലീസ് പറഞ്ഞു.
കവരത്തി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ രാവിലെ 10 .30 ന് ഐഷ സുല്‍ത്താന ഹാജരായിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് ഐഷ സുല്‍ത്താന അഭിഭാഷകനൊപ്പം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എത്തിയത്. കവരത്തി സിഐയുടെ നേതൃത്വത്തിലായിരുന്നു 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. നാളെ രാവിലെ 9.45 ന് വീണ്ടും ഹാജരാകണമെന്ന് കാണിച്ച് ഐഷയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ദ്വീപില്‍ ഇനിയും തുടരേണ്ടതുണ്ടോയെന്ന് പൊലീസ് നാളെ അറിയിക്കും.
ഒരു ടെലിവിഷൻ ചർച്ചയിൽ ദ്വീപ് അഡ്മിനിസ്ട്രേറ്ററെ ‘ബയോ വെപ്പൺ’ എന്ന് പരാമർശിച്ചതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് അയ്ഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച ‘ബയോ വെപ്പൺ’ ആണെന്നായിരുന്നു അയ്ഷ സുൽത്താന പറഞ്ഞത്.
എന്നാൽ പ്രസ്താവനയില്‍ അയ്ഷ ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരുന്നു. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ അയ്ഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.
ഞായറാഴ്ച അയ്ഷയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയും മൂന്ന് ദിവസത്തേക്ക് ദ്വീപില്‍ തുടരണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഇന്ന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച അയ്ഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഐഷയുടെ മുൻകൂർ ജാമ്യപേക്ഷ തള്ളിയെങ്കിലും കേസിൽ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണം. ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും 50,000 രൂപയുടെ ബോണ്ടിന് കീഴ്ക്കോടതി ജാമ്യം നല്‍കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് അഭിഭാഷകനൊപ്പമാണ് ഐഷ ദ്വീപിൽ തുടരുന്നത്.