എട്ട് വിമാനത്താവളങ്ങള്‍ അടച്ചു; 60 വിമാന സര്‍വ്വീസുകള്‍ റദ്ദാകും

Jaihind Webdesk
Wednesday, February 27, 2019

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ലേ, ജമ്മു, ശ്രീനഗര്‍, ചണ്ഡീഗഡ്, അമൃത്‌സര്‍, ഷിംല, ധരംശാല, ഡെറാഡൂണ്‍ വിമാനത്താവളങ്ങള്‍ അടച്ചു. ഈ പ്രദേശങ്ങള്‍ വ്യോമ നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയുടെ സുഗമമായ പറക്കലിനു വേണ്ടിയാണു നീക്കമെന്നാണു വിശദീകരണം. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് ഈ വിമാനത്താവളങ്ങളിലേക്കുള്ള 60 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കും. സുരക്ഷ കാരണങ്ങളാല്‍ ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രാവിമാനങ്ങള്‍ അടക്കമുള്ളവ വിമാനത്താവളങ്ങളില്‍ തടഞ്ഞിട്ടിരിക്കുകയാണ്. അതേസമയം ഏതു തരത്തിലുള്ള ജാഗ്രതാ നിര്‍ദേശമാണു വിമാനത്താവളങ്ങള്‍ക്കു നല്‍കിയിട്ടുള്ളതെന്നു വ്യക്തമല്ല.

ജമ്മു, ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങളിലേക്കു വരാനിരുന്ന പല വിമാനങ്ങളും തിരിച്ചുവിട്ടു. പാക്കിസ്ഥാനിലെ ലഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്‌ലാമബാദ് വിമാനത്താവളങ്ങളില്‍നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളും അടിയന്തരമായി നിര്‍ത്തിവച്ചു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വിമാനത്താവളങ്ങള്‍ അടച്ചത് ഇരു രാജ്യങ്ങളുടെയും വ്യോമ മേഖലയിലൂടെ പറക്കുന്ന രാജ്യാന്തര വിമാനങ്ങളെ ബാധിച്ചു. ചില വിമാനങ്ങള്‍ പുറപ്പെട്ട വിമാനത്താവളത്തിലേക്കു തന്നെ മടങ്ങി.