ദുബായ് വേള്‍ഡ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ക്ക് യുഎഇയിലേക്ക് വരാം ; വിമാന വിലക്കിനിടെ ആശ്വാസകരമായ വാര്‍ത്ത

ദുബായ് : ഇന്ത്യ-യുഎഇ വിമാന വിലക്ക് മൂന്ന് മാസം തികയാനിരിക്കെ ആശ്വാസകരമായ വാര്‍ത്ത പുറത്തുവരുന്നു. ഇപ്രകാരം, ഒക്ടോബര്‍ ഒന്നിന് ദുബായില്‍ ആരംഭിക്കുന്ന വേള്‍ഡ് എക്‌സ്‌പോയ്ക്ക് മുന്നോടിയായി ഇന്ത്യ ഉള്‍പ്പടെ വിമാന വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള എക്‌സ്‌പോ രാജ്യാന്തര പ്രതിനിധികള്‍ക്ക് യുഎഇയിലേക്ക് പ്രവേശനം അനുവദിച്ചു. എക്‌സ്‌പോയുടെ പേരില്‍ ആരുടെയും പ്രവേശനം തടസപ്പെടരുതെന്ന നടപടികളുടെ ഭാഗമായാണിത്.

എക്സ്പോ 2020 മേളയില്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, ഇവന്റ് സംഘാടകര്‍, സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവരെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇപ്രകാരം യുഎഇയിലേക്ക് ഒരു പുതിയ വിഭാഗം എന്ന പരിഗണനയില്‍ എത്താന്‍ സാധിക്കും.

യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) പുറത്തിറക്കിയ ഏറ്റവും പുതിയ സുരക്ഷാ സര്‍ക്കുലറിനെ ഉദ്ധരിച്ച്, യുഎഇയിലെ പ്രാദേശിക ഇംഗ്‌ളീഷ് പത്രമായ ‘ഖലീജ് ടൈംസ്’ ഉള്‍പ്പടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, ജൂലൈ 22 ലെ സര്‍ക്കുലറില്‍ അനുസരിച്ച് താഴെ പറയുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാരുടെ നിയന്ത്രണങ്ങള്‍ വീണ്ടും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് , ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ഉഗാണ്ട, സിയറ ലിയോണ്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്‌നാം, സാംബിയ എന്നിവയാണ് ഈ 16 രാജ്യങ്ങള്‍. അതേസമയം, യുഎഇ സ്വദേശികള്‍ക്കും ഗോള്‍ഡണ്‍-സില്‍വര്‍ വീസയുള്ള വിദേശികള്‍ക്കും ഇപ്രകാരം യുഎഇയിലേക്ക് ഏതുസമയവും മടങ്ങിയെത്താമെന്നാണ് നിലവിലെ നിയമം.

Comments (0)
Add Comment