സെർവർ തകരാർ പരിഹരിച്ചെന്ന് എയർ ഇന്ത്യ; പിഴവ് പരിഹരിച്ചത് ആറ് മണിക്കൂറുകൾക്ക് ശേഷം

Jaihind Webdesk
Saturday, April 27, 2019

സെർവർ തകരാർ പരിഹരിച്ചെന്ന് എയർ ഇന്ത്യ. തകരാറിനെ തുടർന്ന് ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ നിറുത്തി വച്ചിരുന്നു. ഇന്ന് രാവിലെ മുതലാണ് എയർ ഇന്ത്യയുടെ സെർവറായ സീത(SITA) പണി മുടക്കിയത്. സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി.

പുലർച്ചെ 3.30 മുതലാണ് എയർ ഇന്ത്യയുടെ സർവ്വർ തകരാറിലായത്. തുടർന്ന് ആഭ്യന്തര രാജ്യാന്തര സർവ്വീസുകൾ മുടങ്ങുകയായിരുന്നു. സർവ്വീസുകൾ മുടങ്ങിയതോടെ രാവിലെ മുതൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് യാത്രക്കാർ തിങ്ങി നിറഞ്ഞു. സെർവർ പ്രശ്നം പരിഹരിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചെങ്കിലും സേവനം പൂർവ്വ സ്ഥിതിയിലേക്ക് എത്താൻ എത്ര സമയമെടുക്കുമെന്ന് വ്യക്തമായിട്ടില്ല. അതേസമയം വൈകീട്ടോടെ സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമെന്ന് എയർ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി അറിയിച്ചു.

ആറ് മണിക്കൂറുകൾക്ക് ശേഷമാണ് സർവ്വറുകളുടെ സാങ്കേതിക തകരാർ പരിഹരിച്ചത്. നിലവിൽ 119 സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള സർവ്വീസുകൾ എല്ലാം വൈകുകയാണ്.

കോടികളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. എയർ ഇന്ത്യയുടെ സർവ്വീസിൽ വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സർവർ തകരാർ കൂടി ഉണ്ടാകുമ്പോൾ ഉപഭോക്താക്കൾ കുറയുമെന്ന ആശങ്കയിലാണ് കമ്പനി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ക്ഷമാപണം നടത്തിയിട്ടുണ്ട്.