ദുബായ് : കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ പിന്‍വലിച്ചത് കാരണം യാത്രാനുമതിയും അവസരവും നിഷേധിക്കപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാര്‍ക്ക് മുഴുവന്‍, ടിക്കറ്റ് ചാര്‍ജ്ജ് പൂര്‍ണമായും തിരികെ നല്‍കണമെന്ന് പ്രവാസി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
തങ്ങളുടേതല്ലാത്ത കാരണത്താല്‍ അപ്രതീക്ഷിതമായി യാത്ര മുടങ്ങിയവിമാനത്തിലെ യാത്രക്കാര്‍ വിവിധ തരം സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നു എന്ന പരാതിയെതുടര്‍ന്ന് , എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഗള്‍ഫ് മേഖല മാനേജര്‍ മോഹിത് സെന്നിന് നിവേദന നല്കി. കെഎംസിസി നേതാക്കളായ പി. കെ. അന്‍വര്‍ നഹ, മുസ്തഫ തിരൂര്‍ (ദുബായ് കെഎംസിസി ജനറല്‍ സെക്രട്ടറി ), ഒഐസിസി-ഇന്‍കാസ് ഗ്ലോബല്‍ സെക്രട്ടറി അഡ്വ :ടി. കെ. ആഷിഖ് എന്നിവര്‍ സെന്നുമായി കൂടിക്കാഴ്ച നടത്തി.
യാത്ര തിയതി ഇതിനകം അവസാനിച്ചവര്‍ക്കും, ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും, വീണ്ടും യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് ടിക്കറ്റ് വാങ്ങിയ ദിവസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള അനുമതിയും നല്‍കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ അനുകൂല നടപടികള്‍ക്ക് വേണ്ടിയുള്ള ശ്രമം ഉണ്ടാകുമെന്ന് അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്കി.