ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ ഐന്‍ ദുബായ് റെക്കോര്‍ഡുകളുമായി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതേസമയം 250 മീറ്റര്‍ ഉയരമുള്ള ഈ വിസ്മയ ചക്രത്തിന്‍റെ മുകളില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി.
ഒബ്‌സര്‍വേഷന്‍ വീല്‍ എന്ന ദുബായിയുടെ ഈ നിരീക്ഷണ ചക്രം ‘ഐന്‍ ദുബായ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഐന്‍ ദുബായ് എന്ന അറബിക് പദത്തിന് അര്‍ത്ഥം ദുബായിയുടെ കണ്ണ് എന്നാണ്. ലോകത്തിലെ മറ്റ് വിസ്മയ ചക്രങ്ങളേക്കാല്‍ വലുപ്പത്തില്‍ റെക്കോര്‍ഡിട്ടാണ് ദുബായ് പ്രവര്‍ത്തനം ആരംഭിച്ചത്. ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് മറീനയിലെ ബ്‌ളൂ വാട്ടേഴ്‌സ് ഐലന്‍ഡില്‍ 250 മീറ്റര്‍ ഉയരമുള്ള ഈ വിസ്മയ ചക്രത്തിന്‍റെ മുകളില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇരിക്കുന്ന ചിത്രം ഉദ്ഘാടന ദിവസം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി. ഷെയ്ഖ് ഹംദാന്‍ ഒരു കപ്പ് ചായയുമായി ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത-നൃത്ത പരിപാടികള്‍, ലൈറ്റ് ഷോ, ഡ്രോണ്‍ ഷോ, കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടായിരുന്നു. ദുബായ് നഗരത്തിന്‍റെയും കടലിന്‍റെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാന്‍ കഴിയും എന്നതാണ് ഇവിടത്തെ പ്രത്യേകത. ഐന്‍ ദുബായില്‍ ഒരേ സമയം 1,750 പേര്‍ക്ക് കയറാം. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന 48 പാസഞ്ചര്‍ ക്യാബിനുകളാണുള്ളത്. സാധാരണ ടിക്കറ്റിന് 130 ദിര്‍ഹവും 3 വയസിനും 12നും ഇടയ്ക്കുള്ള കുട്ടികള്‍ക്ക് 100 ദിര്‍ഹവുമാണ് നിരക്ക്. 2 മുതിര്‍ന്നവര്‍ക്കും 2 കുട്ടികള്‍ക്കും കയറാവുന്ന ഫാമിലി പാസിന് 370 ദിര്‍ഹം നല്‍കണം. ലഘുഭക്ഷണം ലഭിക്കുന്ന ഫാമിലി പാസ് 450 ദിര്‍ഹമാണ് നിരക്ക്. ഒരുതവണ വീല്‍ കറങ്ങാന്‍ 38 മിനിറ്റ് വേണം. ഒരു ക്യാബിനില്‍ 40 പേര്‍ക്കുവരെ കയറാമെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 7 പേരെ മാത്രമേ അനുവദിക്കൂ. കുടുംബമായോ ഗ്രൂപ്പ് ആയോ വന്നാല്‍ 10 പേര്‍ക്ക് ഒന്നിച്ച് ഇതിനുള്ളില്‍ കയറാം.