തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ പ്രത്യേക സമിതി ; പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഉടനില്ലെന്നും എഐസിസി

Jaihind Webdesk
Monday, May 10, 2021

 

തിരുവനന്തപുരം : നിയമസഭ തെരഞ്ഞടുപ്പുകളിലെ അപ്രതീക്ഷിത തോൽവിയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി  രൂപീകരിക്കാൻ കോണ്‍ഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചു. കൊവിഡ് വാക്സിൻ നയത്തിൽ കേന്ദ്രസർക്കാർ തികഞ്ഞ പരാജയമാണെന്ന് പ്രവർത്തക സമിതി കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞടുപ്പ് ഉടൻ ഉണ്ടാകില്ല.

വർക്കിംഗ് കമ്മിറ്റിയിൽ കൊവിഡ് സാഹചര്യങ്ങളും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയവും കമ്മിറ്റി ചർച്ച ചെയ്തു. കേരളത്തിൻ്റെ ചുമതലയുള ജനറൽ സെക്രട്ടറി താരിഖ് അൻവർ തെരഞ്ഞടുപ്പ് തോൽവിയുടെ പ്രാഥമിക കാരണങ്ങൾ യോഗത്തിൽ വിശദീകരിച്ചു. തോൽവിക്ക് കാരണമായ വിഷയങ്ങള്‍ പരിശോധിക്കാനും റിപ്പോർട്ട് നൽകുന്നതിനുമായി 48 മണിക്കൂറിനുള്ളിൽ ഒരു സമിതിയെ നിയോഗിക്കും. തോൽവിയുടെ എല്ലാം വശങ്ങളും കമ്മിറ്റി പരിശോധിക്കും. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച് ശേഷം മാത്രമായിരിക്കും തുടർനടപടികൾ ഉണ്ടാവുകയെന്ന് പ്രവർത്തകസമിതി യോഗത്തിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു

വാക്സിന്‍ വിതരണത്തിൽ സംസ്ഥാനങ്ങളെ പഴിചാരി കേന്ദ്ര സർക്കാർ കൈകഴുകയാണ്. വാക്സിൻ നയം പരാജയമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയതെന്ന് പ്രവർത്തകസമിതി കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞടുപ്പ് നീട്ടിവയ്ക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ കോണ്‍ഗ്രസ് പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമന്നും പ്രവർത്തക സമിതി ആവശ്യപ്പെട്ടു.