AICC ന്യൂനപക്ഷവിഭാഗം പുനഃസംഘടിപ്പിച്ചു : ഇക്ബാല്‍ വലിയവീട്ടില്‍ വൈസ് ചെയർപേഴ്സണ്‍; ഡി.കെ ബ്രിജേഷ് ദേശീയ കോ-ഓഡിനേറ്റര്‍

Jaihind News Bureau
Friday, March 13, 2020

ന്യൂഡല്‍ഹി : എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം പുനഃസംഘടിപ്പിച്ചു.  നാല് വൈസ് ചെയർപേഴ്സണ്‍, രണ്ട് സെക്രട്ടറിമാര്‍, 24 കോ-ഓഡിനേറ്റർമാർ, ഒരു സോഷ്യല്‍ മീഡിയ ഇന്‍ചാർജ് എന്നിങ്ങനെയാണ് പുനഃസംഘടന. കേരളത്തില്‍ നിന്നും ഇക്ബാല്‍ വലിയവീട്ടില്‍ വൈസ് ചെയർപേഴ്സണ്‍മാരുടെ പട്ടികയില്‍ ഇടംനേടി. ദേശീയ കോ-ഓഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഡി.കെ ബ്രിജേഷിന് കേരളത്തിന്‍റെ ചുമതലയാണുള്ളത്.

വൈസ് ചെയർപേഴ്സണായി നിയമിതനായ ഇക്ബാല്‍ വലിയവീട്ടില്‍ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. അലിഗഡ് സർവകലാശാലയിൽ എൻ.എസ്.യു (ഐ) പ്രവർത്തകനായിരുന്നു. മികച്ച സംഘാടകൻ കൂടിയായ ഇദ്ദേഹം നിലവിൽ എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറിയും, കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാനുമാണ്. ഹൗസ് ഫെഡ്, ഇന്ദിരാഗാന്ധി സഹകരണ ഹോസ്പിറ്റൽ എന്നിവയുടെ ഡയറക്ടറും എറണാകുളം കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് ചെയർമാനുമാണ് ഇക്ബാൽ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇദ്ദേഹം നേതൃത്വം നൽകുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് ഇക്ബാൽ.

ദേശീയ കോ-ഓഡിനേറ്ററായാണ് ഡി.കെ ബ്രിജേഷിനെ നിയമിച്ചിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം വൈസ് ചെയർപേഴ്സണും കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമാണ്. 2015 മുതൽ കർണാടക ന്യൂനപക്ഷ വകുപ്പിന്‍റെ വൈസ് ചെയർമാനും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമായിരുന്ന ഡി.കെ ബ്രിജേഷിനെ കഴിഞ്ഞ സെപ്റ്റംബറിലാണ് കേരള ഘടകത്തിന്‍റെ ചുമതലയുള്ള നിരീക്ഷകനായി നിയമിച്ചത്. തമിഴ്‌നാട്ടിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസറായും 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സിയുടെ ഏകോപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.