അംഗത്വ വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളാണ് പ്രധാനമായും ഇന്നത്തെ യോഗത്തിൽ ഉണ്ടായത്. ഒപ്പം സാമ്പത്തിക മാന്ദ്യത്തില്‍ അനങ്ങാപ്പാറ നയം തുടരുന്ന മോദി സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്താനും യോഗത്തില്‍ തീരുമാനമായി.
താഴേതലത്തിൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ പദ്ധതികള്‍ ആവിഷ്‌കരിക്കും. രണ്ട് തരത്തിലുള്ള അംഗത്വ വിതരണമായിരിക്കും ഇനി ഉണ്ടാകുക. ഡിജിറ്റല്‍ രൂപത്തിലും അംഗത്വവിതരണം സാധ്യമാക്കും. ഒക്ടോബറില്‍ അംഗത്വവിതരണ ക്യാംപെയ്ന് തുടക്കമാകുമെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിലും രാജ്യവ്യാപകമായി പദയാത്രയും ഗാന്ധിയന്‍ ദർശനങ്ങള്‍ ഉയർത്തിക്കാട്ടിയുള്ള ക്യാംപെയ്നുകളും സംഘടിപ്പിക്കും.
രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ യാതൊരു നടപടികളും സ്വീകരിക്കാതെ അബദ്ധപ്രസ്താവനകള്‍ നടത്തുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. വിഷയം ചർച്ച ചെയ്യാന്‍ സെപ്റ്റംബര്‍ 20 നും 30 നും ഇടയില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളുടെ യോഗം ചേരും. തുടര്‍ന്ന് ഒക്ടോബർ 15 നും 25 നും ഇടയില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്ന യോഗത്തില്‍ ജനറൽ സെക്രട്ടറിമാരും നിയമസഭാകക്ഷി നേതാക്കളും പി.സി.സി അധ്യക്ഷന്മാരും പങ്കെടുത്തു. പാർട്ടി ഉടച്ചുവാർക്കാൻ സുപ്രധാനമായ തീരുമാനങ്ങളാണ് യോഗത്തിൽ ഉണ്ടായതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കോൺഗ്രസ് വക്താവ് ആർ.പി.എൻ സിംഗും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
https://www.facebook.com/JaihindNewsChannel/videos/391870334863160/