ജാക്കറ്റ് ധരിച്ചെന്ന് കരുതി നെഹ്റുവാകാന്‍ കഴിയില്ല: മോദിയെ പരിഹസിച്ച് അഹമ്മദ് പട്ടേല്‍

Jaihind Webdesk
Sunday, December 30, 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പരാജയമെന്ന് അഹമ്മദ് പട്ടേല്‍. മോദിയുടെ വസ്ത്രധാരണ-വിദേശയാത്രാ ഭ്രമങ്ങളെയും അദ്ദേഹം പരിഹസിച്ചു.

നെഹ്റു ജാക്കറ്റ് ധരിച്ചാല്‍ നെഹ്റുവോല, വിദേശയാത്ര നടത്തിയതുകൊണ്ട് ഇന്ദിരാഗാന്ധിയോ, കുര്‍ത്ത ധരിച്ചതുകൊണ്ട് രാജീവ് ഗാന്ധിയോ ആകാന്‍ താങ്കള്‍ക്ക് കഴിയില്ലെന്നായിരുന്നു അഹമ്മദ് പട്ടേല്‍ പരിഹസിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗം സഹിക്കുന്നവര്‍ക്ക് മാത്രമേ ഇന്ദിരയോ, നെഹ്റുവോ, രാജീവോ ആകാന്‍ കഴിയൂ എന്നും നിങ്ങള്‍ക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അധികാരത്തിലേറിയാല്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് മോദി വീരവാദം മുഴക്കിയിരുന്നു. എന്നിട്ട് അധികാരത്തിലെത്തിയപ്പോള്‍ അന്നത്തെ പാകിസ്താന്‍ പ്രധാനമനന്ത്രി നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയാണ് മോദി ചെയ്തത്. പിന്നീട് വിളിക്കാതെ അവിടെ പോയി ബിരിയാണി കഴിക്കുകയും ചെയ്തുവെന്നും അഹമ്മദ് പട്ടേല്‍ പരിഹസിച്ചു. പാകിസ്ഥാനെ യഥാര്‍ഥത്തില്‍ പാഠം പഠിപ്പിച്ചിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നുവെന്നും ഇതെല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഗുജറാത്തിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അഹമ്മദ് പട്ടേല്‍ മോദിയുടെ ജനദ്രോഹ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചാണ് മോദി അധികാരത്തിലെത്തിയത്. ഭരണം ലഭിച്ചപ്പോള്‍ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന മോദി രാജ്യത്തെ കര്‍ഷകരെയും യുവാക്കളെയും എല്ലാം വഞ്ചിക്കുകയാണ് ചെയ്തത്. മോദിയുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്‍റെ ഉദാഹരണമാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിയെ കൈവിട്ടതെന്നും അഹമ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടി.