അഹമ്മദ് പട്ടേലിന്‍റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടം ; അനുസ്മരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, November 25, 2020

Ahmed-Patel

 

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ട്രഷററും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ അസാധാരണമായ പാടവം കാണിച്ച അഹമ്മദ് പട്ടേലിന്‍റെ ദേഹവിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ്, അനുരഞ്ജനത്തിന്‍റെ അതിശക്തനായ വക്താവായിരുന്നു അദ്ദേഹം.

1978ല്‍ ഗുജറാത്ത് സംസ്ഥാനത്തിന്‍റെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി അഹമ്മദ് പട്ടേലിനെയും, കേരളത്തിന്‍റെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി എന്നെയും ഇന്ദിരാജി നിയമിക്കുന്നത് ഒരേ ദിവസമാണ്. അന്ന് മുതല്‍ ആരംഭിച്ച സുദൃഢമായ സൗഹൃദവും ആത്മബന്ധവുമായിരുന്നു തമ്മിലുള്ളതെന്നും ഏറ്റവും പ്രിയപ്പെട്ട കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തന്‍ എന്നപോലെ, രാജീവ് ഗാന്ധിക്കൊപ്പവും സോണിയ ഗാന്ധിക്കൊപ്പവും പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അദ്ദേഹം കാഴ്ച വെച്ചു. ഒരിക്കലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാതെ തിരശീലക്ക് പിന്നില്‍ നിന്ന് സമര്‍ഥമായി നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

കോണ്‍ഗ്രസിന് ഒരു ട്രബിള്‍ ഷൂട്ടറെയാണ് നഷ്ടമായത്, 3 തവണ ലോക്‌സഭാ അംഗവും 5 തവണ രാജ്യസഭാ അംഗവുമായിരുന്നു അഹമ്മദ് ഭായി. കേരളത്തിന്‍റെ ഒരു ഉത്തമ സുഹൃത്തായിരുന്നു അദ്ദേഹം. മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായി അദ്ദേഹം ആത്മബന്ധം സൂക്ഷിച്ചിരുന്നു. യുഡിഫ് പ്രസ്ഥാനത്തിന് ആ ബന്ധം ഒരു മുതല്‍ക്കൂട്ടായിരുന്നെന്നും മുല്ലപ്പള്ളി അനുസ്മരിച്ചു.

അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ തീരാദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തോടുള്ള ആദരസൂചകമായി, സംസ്ഥാനത്ത് ബുധനാഴ്ച കോണ്‍ഗ്രസ് നടത്താനിരുന്ന എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചതായും മുല്ലപ്പള്ളി പറഞ്ഞു.