അഹമ്മദാബാദ് : അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി കൂറ്റന്‍ മതില്‍ കെട്ടി ചേരി മറച്ചതിന് പിന്നാലെ ചേരിനിവാസികളെ ഒഴിപ്പിക്കാന്‍ ഗുജറാത്ത് ഭരണകൂടം. ഒരാഴ്ചയ്ക്കുള്ളില്‍ ചേരി നിവാസികളോട് വീടൊഴിയണമെന്ന് അറിയിച്ച് നോട്ടീസ് നല്‍കി. എന്നാല്‍ ട്രംപിന്‍റെ സന്ദർശനവുമായി നടപടിക്ക് ബന്ധമില്ലെന്നാണ് വിശദീകരണം.
ചേരി നിവാസികള്‍ ഇവിടെ താമസിക്കുന്നത് അനധികൃതമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. അഹമ്മദാബാദിലെ അഞ്ച് കോളനികളിലുള്ള 4000 ത്തോളം വരുന്ന ചേരി നിവാസികളാണ് നഗരസഭയുടെ നടപടിയെ തുടർന്ന് ആശങ്കയിലുള്ളത്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചേരികളുള്ള പ്രദേശമാണ് ഗുജറാത്ത്. നോട്ടീസ് കൈപ്പറ്റിയ ഇവര്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് അഹമ്മദാബാദില്‍ മതില്‍ നിര്‍മാണം തുടങ്ങിയത്. ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ കടന്നു പോകാന്‍ സാധ്യതയുള്ള ചേരി പ്രദേശങ്ങള്‍ കാഴ്ചയില്‍ നിന്ന് മറയ്ക്കുന്നതിനായാണ് മതിലിന്‍റെ പണി തുടങ്ങിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ദിരാ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലായിട്ടായിരുന്നു മതില്‍ പണിതുയര്‍ത്തിയത്. ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്.
ഇത് ആദ്യമായല്ല ഇത്തരത്തില്‍ മോദിയുടെ ഗുജറാത്തില്‍ വിഭജനത്തിന്‍റെ വേലി തീര്‍ക്കുന്നത്. 2017ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോഴും ചേരി പ്രദേശം മറച്ചിരുന്നു. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ജപ്പാന്‍ പ്രധാനമന്ത്രിയും ഭാര്യയും ഗുജറാത്തിലെത്തിയത്. അന്ന് ചേരി പ്രദേശത്തെ മറച്ചുകൊണ്ട് നീലനിറത്തിലുള്ള വലിയ തുണി വലിച്ചുകെട്ടി മറയ്ക്കുകയായിരുന്നു ചെയ്തത്.