സിപിഐയില്‍ പ്രായപരിധി നടപ്പാക്കി; സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി

Jaihind Webdesk
Monday, October 3, 2022

തിരുവനന്തപുരം: കടുത്ത തർക്കങ്ങള്‍ക്കിടെ പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കി സിപിഐ. പ്രായപരിധി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന സമ്മേളനത്തില്‍ തീപാറുന്ന ചര്‍ച്ചകള്‍ക്കും കടുത്ത വിമർശനങ്ങള്‍ക്കും വഴിയൊരുക്കിയ വിഷയത്തില്‍ സമവായത്തിന് വഴങ്ങാത്ത  നിലപാട് കാനം പക്ഷം പിടിമുറുക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ്.

സിപിഎമ്മിനെപ്പോലെ തന്നെ ദേശീയ നേതൃത്വത്തെ നിയന്ത്രിക്കുന്ന സംസ്ഥാന ഘടകം എന്ന രീതിയിലേക്ക് സിപിഐയും മാറുന്നതാണ് കാണാനാകുന്നത്. അസാധാരണ വിഭാഗീയ കാഴ്ചകളാണ് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം ദൃശ്യമായത്. ജനറൽ സെക്രട്ടറി ഡി രാജ കാഴ്ചക്കാരനായിരിക്കുകയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തത് ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനങ്ങളിലെ പൊതുസമ്മേളനം ദേശീയനേതാക്കൾ ഉദ്ഘാടനംചെയ്യുന്നതാണ് പൊതുരീതി. എന്നാല്‍ പൊതുസമ്മേളം നടക്കുന്നകാര്യം പോലും ഡി രാജ അറിഞ്ഞിരുന്നില്ല. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് പതാക ഉയർത്തിയത്. ഏറ്റവും മുതിർന്ന അംഗം പതാക ഉയർത്തുന്നതാണ് സമ്മേളനത്തിലെ കീഴ്‌വഴക്കം. അങ്ങനെയെങ്കിൽ കെ.ഇ ഇസ്മായിലിനായിരുന്നു അവസരം ലഭിക്കുക. ഈ ഒഴിവാക്കപ്പെടലും വിഭാഗീതയുടെ ഭാഗമായി.

പ്രായപരിധി വിഷയം വിവാദമാക്കിയെന്ന് ആരോപിച്ച് സി ദിവാകരനെയും കെ.ഇ ഇസ്മായിലിനെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികള്‍ രംഗത്തെത്തിയത് പ്രതിനിധി സമ്മേളനത്തില്‍ തർക്കത്തിനും ഇടയാക്കി. വിവാദ പ്രതികരണങ്ങളിലൂടെ സമ്മേളനത്തിന്‍റെ ശോഭ കെടുത്തിയെന്ന് ഒരു വിഭാഗം വിമർശനമുയർത്തി. തർക്കം നടക്കുമ്പോഴെല്ലാം കാനം രാജേന്ദ്രന്‍ നിശബ്ദത പാലിച്ചു. ഇതിന് പിന്നാലെയാണ് കടുത്ത ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച പ്രായപരിധി പാർട്ടിയില്‍ നടപ്പാക്കിക്കൊണ്ട് സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.