ആർ.സി.ഇ.പി കരാറില്‍ പങ്കാളിയാകാന്‍ നടത്തിയ നീക്കം മോദി സർക്കാരിന്‍റെ മറ്റൊരു വലിയ മണ്ടത്തരമായേനെ എന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടും സമ്മര്‍ദവും കാരണമാണ് ആര്‍.സി.ഇ.പി കരാറില്‍ നിന്ന് മോദി സർക്കാരിന് പിന്തിരിയേണ്ടിവന്നത്. ബി.ജെ.പി സർക്കാരിന് കാര്യങ്ങള്‍ ശരിയായി കാണാനുള്ള കഴിവില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയിളക്കുകയും ജനത്തെ ദുരിതത്തിലാക്കുകയും ചെയ്ത നോട്ട് നിരോധനത്തിനും അപരിഷ്കൃതമായ ജി.എസ്.ടി നടപ്പാക്കലിനും ശേഷം മറ്റൊരു വലിയ മണ്ടത്തരമായേനെ ആർ.സി.ഇ.പി കരാറില്‍ പങ്കാളിയാകാന്‍ മോദി സർക്കാര്‍ നടത്തിയ നീക്കമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
‘കാര്യങ്ങൾ ശരിയായി ചിന്തിക്കാനുള്ള കഴിവില്ലായ്മയാണ് ബി.ജെ.പി സർക്കാരിന്‍റെ പ്രശ്നം. ആർ.സി.ഇ.പി പോലുള്ള ഒരു വ്യാപാര കരാറില്‍ പങ്കാളിയാവുന്നതോടെ അത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ നശിപ്പിക്കുമായിരുന്നു, കോൺഗ്രസിന്‍റെ ശക്തമായ സമ്മർദവും ജനങ്ങളുടെ ഇച്ഛാശക്തിയുമില്ലായിരുന്നെങ്കില്‍ മോദി സർക്കാർ രാജ്യത്തെ കൂടുതല്‍ മാന്ദ്യത്തിലേക്ക് തള്ളിവിട്ടേനെ’ – കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിനെതിരെ (ആർ.സി.ഇ.പി) കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് കർഷകര്‍, തൊഴിലാളി സംഘടനകള്‍, വ്യവസായ കൂട്ടായ്മകള്‍ തുടങ്ങിയവർ പിന്തുണ നല്‍കി. ഇതിനെ തുടർന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. കരാറില്‍ പങ്കാളിയായിരുന്നെങ്കില്‍ ഇന്ത്യന്‍ വിപണി പൂർണമായും ചൈന കയ്യടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോഴുള്ളതിനേക്കാള്‍ തകർന്നടിഞ്ഞേനെയെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.