വയനാടിന്‍റെ ദുരന്തം കണ്ടറിഞ്ഞ് പ്രധാനമന്ത്രി മടങ്ങി; കേന്ദ്രത്തിന് കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് വാഗ്ദാനം

 

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലകള്‍ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്നുകണ്ട പ്രധാനമന്ത്രി, ക്യാമ്പിലും ആശുപത്രിയിലും കഴിയുന്ന ദുരന്തബാധിതരെയും കണ്ടു. വിംസ് ആശുപത്രിയിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. നേരത്തെ ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് അദ്ദേഹം ഉരുള്‍ തകർത്തെറിഞ്ഞ ദുരന്തബാധിത പ്രദേശത്തിന്‍റെ ആകാശക്കാഴ്ച കണ്ടറിഞ്ഞിരുന്നു.

കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗമാണ് പ്രധാനമന്ത്രി ചൂരൽമലയിലെത്തിയത്. വെള്ളാർമല സ്കൂളിന്‍റെ പുറകുവശത്തെ തകർന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വി. വേണു, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിജിപി എം.ആർ. അജിത് കുമാർ എന്നിവർ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു.

വയനാട് സന്ദർശനം പൂർത്തിയാക്കിയ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി. കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും വയനാടിനായി ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം പ്രത്യേക പ്രഖ്യാപനങ്ങളൊന്നും അദ്ദേഹം നടത്തിയില്ല. കളക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് ആളുകളെ ദുരന്തം ബാധിച്ചെന്നും ദുരന്തത്തിൽനിന്ന് കരകയറാന്‍ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

 

 

 

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ചിത്രങ്ങള്‍:

 

Comments (0)
Add Comment