സാലറി ചലഞ്ചിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് വനിതാ മതില്‍ ചലഞ്ച്; നിര്‍ബന്ധിത പങ്കാളിത്തം

B.S. Shiju
Friday, December 14, 2018

Vanitha-Mathil

സാലറി ചലഞ്ചിന് പിന്നാലെ വനിതാ മതിലിന്റെ പേരിലും ഉദ്യോഗസ്ഥർക്ക് മേൽ സർക്കാർ സമ്മർദ്ദം. സ്വാഗത സംഘം രൂപീകരണത്തിന് പങ്കെടുക്കാൻ ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരെ നിർബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു.

സാലറി ചലഞ്ചിന് പിന്നാലെ വനിതാ മതിലിലൂടെയും ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ് സംസ്ഥാന സർക്കാർ. വനിതാ മതിലിനായി സ്വാഗത സംഘം രൂപീകരണ തീരുമാനം നടപ്പാക്കുന്നതിനായി ജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി പ്രിൻസിപ്പൽമാരും നിർബന്ധമായും പങ്കെടുക്കണമെന്നാണ് റീജിയണൽ ഡെപ്യൂട്ടി ഡയറക്റ്ററുടെ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. സ്വാഗത സംഘം രൂപീകരണ യോഗത്തിൽ
പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കണ്ടറിയണം.

സാലറി ചലഞ്ച് പോലെ പിണറായി സർക്കാരിന്റെ അനാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കുന്നതെന്നും ഇതിലൂടെ വ്യക്തമാണ്. വനിതാ മതിലിനെതിരെ നിയമസഭക്കകത്തും പുറത്തും ശക്തമായ ആരോപണങ്ങൾ ഉയർന്ന് വന്നിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഉത്തരവുകൾ വിദ്യാഭ്യാസ മേഖലയെ പരോക്ഷമായി രാഷ്ട്രീയവത്ക്കരിക്കുന്ന നടപടിയാണ് പിണറായി സർക്കാർ കൈക്കൊള്ളുന്നതെന്ന് ഇതിലൂടെ കരുതേണ്ടി വരും.