രാജസ്ഥാന് പിന്നാലെ പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഛത്തീസ്ഗഢും; പുനഃപരിശോധനാ റിപ്പോര്‍ട്ട് പൂഴ്ത്തി കേരളം

 

രാജസ്ഥാന് പിന്നാലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഛത്തീസ്ഗഢും. ബജറ്റ് പ്രഖ്യാപനത്തിലാണ് സുപ്രധാന തീരുമാനം ഛത്തീസ്ഗഢ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പങ്കാളിത്ത പെന്‍ഷനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അനങ്ങാപ്പാറ നയം തുടരുകയാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറണമെന്നുള്ളത്. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന എല്‍ഡിഎഫ് വാഗ്ദാനം പാഴ്‌വാക്കായി. 2013 ഏപ്രില്‍ 1 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാണ്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനവും തത്തുല്യവിഹിതം സംസ്ഥാന സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും. പഴയ പെന്‍ഷന്‍ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷനെ അപേക്ഷിച്ച് തുച്ഛമായ പെന്‍ഷനാണ് ലഭിക്കുന്നതെന്നതാണ് ജീവനക്കാരുടെ  പ്രതിഷേധത്തിന്‍റെ പ്രധാന കാരണം. ഒന്നാം പിണറായി സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് എസ് സതീഷ് ചന്ദ്രബാബു അധ്യക്ഷനായ പുനഃപരിശോധനാ സമിതിയെ നിയോഗിച്ചു. 2021 ഏപ്രില്‍ 30 ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഒരു വര്‍ഷം ആകുമ്പോഴും സർക്കാർ ഇതുവരെ റിപ്പോർട്ട് പുറത്തുവിടുകയോ ശുപാർശകളിൽ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

പുനഃപരിശോധനാ റിപ്പോര്‍ട്ടില്‍ പെൻഷൻ പദ്ധതി ഗുണഭോക്താക്കൾ വിവരാവകാശ നിയമപ്രകാരവും നിയമസഭ വഴിയും റിപ്പോർട്ടിന്‍റെ പകർപ്പ് ചോദിച്ചെങ്കിലും സർക്കാർ ലഭ്യമാക്കിയില്ല. റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും നൽകാനാകില്ലെന്നുമാണ് സംസ്ഥാന സർക്കാർ മറുപടി നൽകിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മുഴുവൻ പങ്കാളിത്ത പെൻഷൻകാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.  കേരളവും ഇതേ പാത പിന്തുടരണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ ജീവനക്കാരുടെ സംഘടന.

Comments (0)
Add Comment