രാജസ്ഥാനിലും സർക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം ; അഴിമതി വിരുദ്ധ വിഭാഗത്തിന് കോണ്‍ഗ്രസ് കത്ത് നല്‍കി

Jaihind News Bureau
Thursday, June 11, 2020

Ashok-Gehlot

ജയ്‌പൂർ: രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമെന്ന് കോണ്‍ഗ്രസ്. എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗത്തിന് കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി കത്തുനല്‍കി. ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെയാണ് ചീഫ് വിപ്പ്​ കത്ത്​ നൽകിയിരിക്കുന്നത്​.

ജൂൺ 19 ന്​ സംസ്ഥാനത്ത്​ രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്​ പുതിയ രാഷ്ട്രീയ നീക്കം​. പണക്കൊഴുപ്പിന്‍റെ ബലത്തിൽ രാജസ്ഥാൻ സര്‍ക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാണ് അഴിമതി വിരുദ്ധ വിഭാഗത്തിന് നൽകിയ കോണ്‍ഗ്രസ് നല്‍കിയ കത്തിന്‍റെ ഉള്ളടക്കം.  കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലേതിന് സമാനമായി രാജസ്ഥാന്‍ സർക്കാരിനെയും അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. അട്ടിമറി നീക്കത്തെ തുടർന്ന് എം.എല്‍.എമാരെ റിസോർട്ടിലേക്ക് മാറ്റി. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ നേരത്തെ  ആരോപിച്ചിരുന്നു. എം.എൽ.എമാരെ വാങ്ങി അവരുടെ കൂടെയാക്കുക എന്ന ഒരേയൊരു നിലപാടേ ബി.ജെ.പിക്കുള്ളൂവെന്നും രാജസ്ഥാനിലും ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമായിരുന്നു ഗെഹ്‌ലോട്ട്‌ പറഞ്ഞത്.

രാജ്യസഭയിലെ മൂന്ന് സീറ്റുകളിലേക്കാണ് ജൂണ്‍ 19ന്  രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ രാജസ്ഥാൻ നിയമസഭയിലെ അംഗസംഖ്യ വെച്ച്​ രാജ്യസഭയിലേക്ക്​ രണ്ട്​ അംഗങ്ങളെ കോൺഗ്രസിനും ഒരു അംഗത്തെ ബി.ജെ.പിക്കും വിജയിപ്പിക്കാം. ഒരു സീറ്റുകൂടി അധികം നേടാനുള്ള ശ്രമങ്ങളാണ്​ ബി.ജെ.പി നടത്തുന്നതെന്നാണ് ആരോപണം. ഒരാളെ മത്സരിപ്പിക്കുന്നതിന് പകരം ബി.ജെ.പി രണ്ട് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് അട്ടിമറി നീക്കം വെളിപ്പെട്ടത്. 51 ഒന്നാം വോട്ട് ആണ് നിലവിലെ സംസ്ഥാന നിയസഭയിലെ അംഗബലം അനുസരിച്ച് ഒരാള്‍ക്ക് ജയിക്കാന്‍ വേണ്ടത്. രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്. സ്വതന്ത്രരും മറ്റുമായി 21 അംഗങ്ങളും ബി.ജെ.പിക്ക് 72 എം.എല്‍.എമാരുമാണുള്ളത്. ഇതില്‍ 12 സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്.