വിഘടനവാദി നേതാവ് യാസീന്‍ മാലിക്ക് നേതൃത്വം നല്‍കുന്ന സംഘടനയായ ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ (ജെ.കെ.എല്‍.എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ-നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജെ.കെ.എല്‍.എഫ് പ്രദേശത്ത് വിഘടനവാദം വളര്‍ത്തുന്നതായി കേന്ദ്രം ചൂണ്ടിക്കാട്ടി.
നിരോധിക്കാനുള്ള കാരണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
- ഇന്ത്യയുടെ പ്രാദേശിക ഐക്യത്തിന് ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ ദേശവിരുദ്ധവും അധാർമ്മികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
- പ്രദേശത്ത് തീവ്രവാദ പ്രവര്‍ത്തനം വളര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുക.
- തീവ്രവാദ, വിഘടനവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുകയും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലിക്ക് ഇപ്പോള്‍ ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയിലിലാണുള്ളത്. ഒരു മാസത്തിനിടെ ജമ്മു-കശ്മീരില്‍ നിരോധിക്കപ്പെടുന്ന രണ്ടാമത്തെ സംഘടനയാണിത്. നേരത്തെ ജമാഅത് – ഇ – ഇസ്ലാമിയെയും കേന്ദ്രം നിരോധിച്ചിരുന്നു.
അതേസമയം കേന്ദ്രത്തിന്‍റെ നടപടിക്കെതിരെ വിവധ കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. തിടുക്കപ്പെട്ടുള്ള ഇത്തരം നടപടികള്‍ കശ്മീരിനെ തുറന്ന ജയിലാക്കിമാറ്റാന്‍ മാത്രമേ ഉപകരിക്കൂ എന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആരോപിച്ചു. അതിര്‍ത്തിയിലെ തീവ്രവാദി ആക്രമങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും ആരോപണം ഉയരുന്നുണ്ട്.