പുനരധിവാസം ഇഴഞ്ഞു നീങ്ങുന്നു; ക്യാമ്പുകളില്‍ ഇനിയും 900 കുടുംബങ്ങള്‍

Jaihind Webdesk
Tuesday, December 18, 2018

കോഴിക്കോട്: പ്രളയത്തെ തുടര്‍ന്നു ദുരിതാശ്വാസ ക്യാമ്പില്‍ ഇനിയും 900 കുടുംബങ്ങള്‍ കഴിയുന്നുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പുനരധിവാസം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി ശരിവെക്കുന്ന തരത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസ്സമാണ് ക്യാമ്പില്‍ നിന്നും മാറ്റാന്‍ വൈകുന്നതെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഭൂമി കണ്ടെത്തല്‍ എളുപ്പകരമാവാത്ത സാഹചര്യത്തില്‍ ഈ കുടുംബങ്ങളുടെ പുനരധിവാസം എത്ര കാലാവധിക്കുള്ളില്‍ എന്ന കാര്യത്തില്‍ വകുപ്പ് മന്ത്രി ഉത്തരം നല്‍കിയില്ല. പ്രളയത്തിന്റെ അനുഭവങ്ങള്‍ പാഠങ്ങളാക്കി പുനര്‍നിര്‍മാണം നടത്താനാണ് ശ്രമിക്കുന്നത്. വാസയോഗ്യവും അല്ലാത്തതുമായ സ്ഥലങ്ങളെ കുറിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്നതുപോലെ അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

നേരത്തെ ശാസ്ത്രീയമായ പഠനങ്ങളൊന്നും നടത്താതെയായിരുന്നു വീടും കെട്ടിടവും നിര്‍മിച്ചിരുന്നത്. ഇനി ഇത്തരത്തിലുള്ള ദുരന്തങ്ങളെ അതിജീവിക്കും വിധത്തിലുള്ള പുനര്‍നിര്‍മാണമാണ് നടത്തേണ്ടത്. പശ്ചിമഘട്ട മേഖലയില്‍ ഉരുള്‍പൊട്ടലിലും തീരദേശമേഖലയില്‍ പ്രളയത്തിലും പലരുടേയും ഭൂമിയും വീടും ഒലിച്ചുപോയിട്ടുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്കായി ഭൂമി കണ്ടെത്തി ഭവന നിര്‍മാണം എളുപ്പത്തില്‍ നടത്തുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.[yop_poll id=2]