പ്രളയ ഫണ്ടിന് പിന്നാലെ കലാപ ബാധിതരെ സഹായിക്കാന്‍ പിരിച്ചതും മുക്കി ; വെട്ടിലായി സി.പി.എം

Jaihind News Bureau
Monday, March 16, 2020

പ്രളയഫണ്ട് തട്ടിപ്പിന് പിന്നാലെ സി.പി.എമ്മിനെതിരെ പുതിയ ആരോപണം. ഡൽഹി കലാപ ബാധിതരെ സഹായിക്കാനായി പിരിച്ച തുകയിൽ നിന്നും ലക്ഷങ്ങൾ വെട്ടിച്ചതായാണ് പുതിയ ആരോപണം. സഹായനിധിയിലേക്ക് പിരിച്ച തുക അതാത് ജില്ലാ കമ്മിറ്റികൾ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ തുകയും സംസ്ഥാന കമ്മിറ്റി പങ്കുവെച്ച തുകയും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ഡല്‍ഹി കലാപ ബാധിതരെ സഹായിക്കാനെന്ന പേരില്‍ പിരിച്ചെടുത്ത തുക ജില്ലാ കമ്മിറ്റികള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ സംഖ്യയാണ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇരു കമ്മിറ്റികളും പുറത്തുവിട്ട കണക്കുകളിലെ  ഈ അന്തരമാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ കണക്കിലെ പ്രകടമായ വ്യത്യാസം മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ വെട്ടിപ്പ് നടന്നിരിക്കാമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളുടെ കീഴില്‍ നിന്നായി 50,86,518 (അമ്പത് ലക്ഷത്തി എണ്‍പത്താറായിരത്തി അഞ്ഞൂറ്റി പതിനെട്ട്) രൂപയാണ് സമാഹരിച്ചതെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ കണക്കില്‍ 49,21,458 (നാല്‍പത്തൊമ്പത് ലക്ഷത്തി ഇരുപത്തൊന്നായിരത്തി നാനൂറ്റിഅമ്പത്തെട്ട്) രൂപ മാത്രമാണ്. 1,65,060 (ഒരു ലക്ഷത്തി അറുപത്തയ്യായിരത്തി അറുപത്) രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വിവിധ ഏരിയ തിരിച്ചുള്ള വിശദമായ കണക്കും ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.

 

പത്തനംതിട്ട ജില്ലയില്‍ നിന്ന് 20,61,893 രൂപ (ഇരുപത് ലക്ഷത്തി അറുപത്തൊന്നായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിമൂന്ന്) പിരിച്ചെടുത്തതായി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ കണക്കില്‍ ഇത് 20 ലക്ഷം രൂപയാണ്. 61,893 രൂപയുടെ കുറവ്. ഇത്തരത്തില്‍ മറ്റ് ജില്ലകളിലും വെട്ടിപ്പ് നടന്നിരിക്കാമെന്നാണ് ഉയരുന്ന ആക്ഷേപം.

 

ഡല്‍ഹി കലാപ ബാധിതര്‍ക്കായി സംസ്ഥാനത്ത് നിന്നു 5,20,74,779 രൂപ പിരിച്ചെന്നാണ് സംസ്ഥാന കമ്മിറ്റി ഔദ്യോഗിക പേജിലൂടെ അറിയിച്ചത്. മറ്റ് ജില്ലകളിലെ കണക്ക് ഇങ്ങനെയാണ്. കാസര്‍ഗോഡ് – 22,72,963, കണ്ണൂര്‍ – 63,26,146, വയനാട് – 8,71,833, കോഴിക്കോട് – 63,74,471, മലപ്പുറം – 54,70,752, പാലക്കാട് – 36,65,066, തൃശൂര്‍ – 44,47,961, എറണാകുളം – 47,85,794, ആലപ്പുഴ – 36,77,505, ഇടുക്കി – 22,82,800, കോട്ടയം – 20,92,860, പത്തനംതിട്ട – 20,00,000, കൊല്ലം – 38,04,470, തിരുവനന്തപുരം – 49,21,458, ദേശാഭിമാനി യൂണിറ്റ് – 80,700. ഇങ്ങനെ ആകെ അഞ്ച് കോടി ഇരുപത് ലക്ഷത്തി എഴുപത്തിനാലായിരത്തി എഴുന്നൂറ്റി എഴുപത്തൊമ്പത് രൂപ സമാഹരിച്ചതായാണ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക കണക്ക്. ഇതിലാണ് പ്രകടമായ അന്തരം കാണാനാകുന്നത്. രണ്ട് ജില്ലകളിലെ കണക്കില്‍ തന്നെ ലക്ഷങ്ങളോളം രൂപയുടെ വ്യത്യാസം കാണാനാകും. ഇത്തരത്തില്‍ മറ്റ് ജില്ലകളിലും സംഭവിച്ചിരിക്കാമെന്നാണ് ഉയരുന്ന ആക്ഷേപം. പ്രളയ ഫണ്ട് തട്ടിപ്പില്‍ മുഖം നഷ്ടമായ സി.പി.എമ്മിന്‍റെ മറ്റൊരു വെട്ടിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.