നൂറ് ദിവസത്തെ ആശങ്കയ്ക്ക് വിരാമം; ജമ്മു കശ്മീരിൽ നിർത്തിവച്ചിരുന്ന തീവണ്ടി സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കും

ജമ്മു കശ്മീരിൽ നിർത്തിവച്ചിരുന്ന തീവണ്ടി സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കും.  കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ആം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് തൊട്ടുമുമ്പാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്.

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസ് ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് റയിൽവെ മന്ത്രി പീയുഷ് ഗോയൽ. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നത്.

ശ്രീനഗർ-ബരാമുള്ള റൂട്ടിലെ ട്രയിൻ സർവീസുകളാവും ആദ്യം ഓടിത്തുടങ്ങുക. തീവണ്ടി ഗതാഗതം പുനസ്ഥാപിക്കുന്നതോടുകൂടി കശ്മീരിലെ വിനോദ സഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ നോർത്തേൺ റെയിൽവെ ഡിവിഷണൽ മാനേജർ രാകേഷ് അഗർവാൾ ബദ്ഗാമിൽനിന്ന് ബരാമുള്ളയിലേക്കുള്ള യാത്രയിൽ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയിരുന്നു.

KashmirJammu
Comments (0)
Add Comment