10 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മുകശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ 24 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്. പുല്‍വാമ, ഷോപിയാന്‍, അനന്ത്നാഗ്, ബിജ്ബെഹറ തുടങ്ങിയ 24 മണ്ഡലങ്ങളാണു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുക. പത്തു വര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുന്ന ദക്ഷിണ കശ്മീരടക്കമാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്.

ബിജ്ബെഹറയില്‍ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി, കുല്‍ഗ്രാമില്‍ മത്സരിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് മുന്‍ കശ്മീര്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍ എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.

അനന്ത്നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ ജില്ലകളിലായി 16 മണ്ഡലങ്ങളാണ് ദക്ഷിണ കശ്മീരിലുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ബിജെപിക്ക് സ്വാധീനമില്ലാത്ത മേഖലകളാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമില്ലാത്തതിനാല്‍ അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളിലടക്കം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Comments (0)
Add Comment