അഫ്ഗാനില്‍ താലിബാനെതിരെ ആയുധമെടുത്ത് ജനങ്ങള്‍ ; തീവ്രവാദികളെ വധിച്ച് മേഖലകള്‍ തിരിച്ചുപിടിച്ച് സൈന്യം

Jaihind Webdesk
Wednesday, August 4, 2021

കാബൂൾ : അഫ്‌ഗാനിസ്ഥാനില്‍ ജനങ്ങളും സൈന്യത്തോടൊപ്പം ആയുധമെടുത്തതോടെ   താലിബാന് കനത്ത തിരിച്ചടി. ആയുധമെടുത്ത് തെരുവിലിറങ്ങിയ ജനങ്ങളുടെ തോക്കിനിരയായത് നൂറുകണക്കിന് താലിബാൻ ഭീകർ. പടിഞ്ഞാറൻ അഫ്‌ഗാൻ നഗരമായ ഹെറാറ്റിലെ തെരുവിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. താലിബാൻ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ ജനങ്ങളുടെ സഹായത്തോടെ സൈന്യം തിരിച്ചുപിടിച്ചതായും റിപ്പോർട്ടുണ്ട്. സർക്കാരിനെ അനുകൂലിച്ച് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്

താലിബാന്‍റെ കൊടും ക്രൂരതകളാണ് ആയുധമെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ആരുടെയും ആഹ്വാനമില്ലാതെയാണ് ജനങ്ങള്‍ താലിബാനെതിരെ യുദ്ധത്തിന് തയ്യാറായത്. താലിബാനെതിരെ പോരാടാൻ കാബൂൾ തുടങ്ങിയ വിദൂര നഗരങ്ങളിൽ താമസിക്കുന്നവരും ജന്മ നാടുകളിലേക്ക് എത്തുകയാണ്. താലിബാനെ ചെറുക്കുന്നത് അഭിമാനബോധം വളർത്തുന്നുവെന്നാണ് അവർ പറയുന്നത്.

ഗ്രാമങ്ങൾ പിടിച്ചടക്കിയ താലിബാൻ നഗരങ്ങളിൽ പിടിമുറുക്കാൻ ശ്രമിച്ചതോടെ ചെറുത്ത്നിൽപ്പ് ശക്തമായത്. താലിബാൻ പിടിച്ചെടുത്ത നഗരപ്രാന്തങ്ങളിൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. താലിബാൻ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണമാണ് സൈന്യം നടത്തുന്നത്.